ചെങ്ങന്നൂർ : പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയിട്ടും നിശ്ചയദാർഢ്യം കൈമുതലാക്കി മുന്നേറിയ വിനോദിന് കരിമ്പുകൃഷി നൽകിയത് ജീവിതമധുരം. പത്തുവർഷത്തിലേറെയായി വിദേശത്ത് ഹോട്ടൽ ജോലി ചെയ്തിരുന്ന തിരുവൻവണ്ടൂർ നന്നാട് തറയിൽപറമ്പിൽ ടി.കെ.വിനോദ് കൊവിഡ് രൂക്ഷമായതോടെയാണ് ജോലിനഷ്ടമായി നാട്ടിൽ തിരികെ എത്തിയത്. ജീവിത മാർഗത്തിനായി കുടുംബവക സ്ഥലത്ത് കരിമ്പുകൃഷി ആരംഭിച്ചു. എന്നാൽ ആദ്യ രണ്ടുതവണയും വെളളപ്പൊക്കം വിനയായി. എന്നാൽ ഇത്തവണ പ്രകൃതി അനുഗ്രഹിച്ചതോടെ നൂറുമേനി മധുരം വിളഞ്ഞു. 1.84 ഏക്കറിലെ കൃഷിയിൽ നിന്ന് 40 ടൺ കരിമ്പ് ലഭിച്ചു. വിനോദിനെ കൂടാതെ തിരുവൻവണ്ടൂർ ഭാഗത്ത് 30 ഏക്കറോളം സ്ഥലത്ത് കൃഷി ഇറക്കിയ കർഷകർക്കും ഇക്കുറി മധുരിക്കുന്ന വിളവാണ് ലഭിച്ചത്.
കരിമ്പുക്കൃഷി ആരംഭിക്കുമ്പോൾ ഒരേക്കറിന് ഒരു ലക്ഷം രൂപയോളം ചെലവഴിച്ചതായി വിനോദ് പറഞ്ഞു. ഒരു ടൺ തലക്കത്തിന് (നടീൽ നാമ്പ്) 6,200 രൂപയാണ് വില. ജനകീയ പദ്ധതിപ്രകാരം കൃഷി ചെയ്യുന്നവർക്ക് ഏക്കറിനു 7,500 രൂപ മാത്രമാണ് സബ്സിഡി. ഒരു ഏക്കറിലേക്ക് 2.9 ടൺ തലക്കം വേണ്ടിവരും. ഹെക്ടറിനു ഏഴു ടൺ. ഒരു തവണ കൃഷി ചെയ്യുന്ന കരിമ്പിൽ നിന്നു തന്നെയാണ് അടുത്ത കൃഷിക്കുള്ള മേന്മയുള്ള തലക്കം എടുത്തിരുന്നത്. ഒരു പ്രാവശ്യം തലക്കം (നാമ്പ്) നട്ട് കൃഷി ചെയ്തു തുടങ്ങിയാൽ തുടർച്ചയായി മൂന്ന് തവണ കൂടി ഈ മൂട്ടിൽ നിന്ന് വിളവെടുക്കാം. ഈ വിളവെടുപ്പാണ് കർഷകർക്ക് ലാഭകരമായി മാറുന്നത്.
വെള്ളപ്പൊക്കമുണ്ടാകുന്നതോടെ ഈ വിളവെടുപ്പ് അസാധ്യമാകും. ഇതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. നെൽകർഷകർക്ക് തുല്യമായ സബ്‌സിഡി സഹായങ്ങൾ കർമ്പ് കർഷകർക്കും നൽകണം.
ടി.കെ.വിനോദ്
കരിമ്പ് കർഷകൻ
കർഷകർക്കിഷ്ടം മാധുരി
25 വർഷമായി കർഷകർ മാധുരിയിനത്തിലെ കരിമ്പുവിത്താണ് കൃഷിക്കുപയോഗിക്കുന്നത്. ഒരു മാസം വരെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനും ചെഞ്ചീയൽ രോഗം ചെറുക്കാനുമുള്ള കഴിവുണ്ടിതിന്. ഒരു ടൺ കരിമ്പിന് 3500 മുതൽ 4000 രൂപവരെയാണ് വില. ഒരു ടണ്ണിൽ നിന്ന് നാലു പാട്ട ശർക്കരയുണ്ടാക്കാം. ഒരു പാട്ട ശർക്കരയ്ക്ക് (26 കിലോ) 2800 രൂപ വരെ വില കിട്ടും. ഒരു കിലോ ശർക്കരയ്ക്ക് 150 രൂപ വരെയാണ് വില. മറയൂർ ശർക്കരയേക്കാൾ ഇവിടുത്തെ പതിയൻ ശർക്കരയ്ക്കാണ് രുചിയും ഗുണവുമുള്ളത്. ആദ്യക്കൃഷി വിജയമായാൽ അടുത്ത തവണ ശരാശരി 50,000 രൂപ വരെ ഏക്കറിന് ലാഭമുണ്ടാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |