പത്തനംതിട്ട : നഗരത്തിലെ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെയുള്ള റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിന്റെ ഇരുവശങ്ങളിലും ടൈലുകൾ പാകി നടക്കുന്നതിനും വ്യായാമം ചെയ്യുന്നതിനുമുള്ള സൗകര്യം ഒരുക്കും.
ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്തും പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രവർത്തിക്കുന്നുണ്ട്.
പത്തനംതിട്ട നഗരത്തിലുണ്ടായ തീപിടുത്തിന്റെ പശ്ചാത്തലത്തിൽ അനുമതിയില്ലാതെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന പരിശോധന ശക്തമാക്കും.
ചെറുകോൽപ്പുഴ, മാരാമൺ കൺവെൻഷനുകൾക്ക് മുൻപ് മുട്ടുമൺ - ചെറുകോൽപ്പുഴ റോഡും പരപ്പുഴ ക്രോസ് റോഡും ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടി പൊതുമരാമത്ത് നിരത്തുവിഭാഗം സ്വീകരിക്കണം.
ഇന്ത്യൻ എക്‌സ്പ്രസിന്റെ ഗുഡ് ഗവേണൻസ് അവാർഡ് നേടിയ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരെ ജില്ലാ വികസനസമിതിക്കു വേണ്ടി മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
കവിയൂർ - ചങ്ങനാശേരി റോഡിൽ തോട്ടഭാഗം മുതൽ പായിപ്പാട് വരെയുള്ള ഭാഗത്ത് ബിസി ടാറിംഗ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എം.എൽ.എ പറഞ്ഞു.
അടൂർ ഗവൺമെന്റ് ആശുപത്രിയിലെ ഒ.പി നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി അടൂർ നഗരസഭാ ചെയർമാൻ ഡി.സജി പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രി റോഡിന്റെ വശങ്ങളിൽ സ്വകാര്യ ആംബുലൻസുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. ഫയർഫോഴ്‌സിന് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ ഹൈഡ്രന്റ് പൈപ്പ് ലൈനുകൾ നഗരത്തിൽ സ്ഥാപിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവർമ്മ പറഞ്ഞു.
നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായപ്പോൾ പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യം, തദ്ദേശഭരണ വകുപ്പുകൾ മികച്ച രീതിയിലുള്ള രക്ഷാപ്രവർത്തനം നടത്തിയെന്നും പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സമയം മുതൽ മൃഗസംരക്ഷണവകുപ്പ് മികച്ച രീതിയിലുള്ള പ്രവർത്തനം ഏകോപിപ്പിച്ചുവെന്നും യോഗത്തിൽ അദ്ധ്യക്ഷതവഹിച്ച ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |