ആലപ്പുഴ: കൊവിഡ് ഭീഷണിയില്ലാതൊരു ഉത്സവകാലം കടന്നുവരുന്നതിന്റെ ആശ്വാസത്തിലാണ് സ്റ്റേജ് കലാകാരന്മാർ. കഴിഞ്ഞ വർഷം പരിപാടികൾ നടത്താൻ അവസരം ലഭിച്ചിരുന്നെങ്കിലും കൊവിഡ് ഒമിക്രോൺ നിരക്ക് വർദ്ധിച്ച് നിന്ന ആശങ്കയിലായിരുന്നു പല സ്ഥലത്തും പരിപാടികൾ അരങ്ങേറിയത്.
തൊട്ടുമുമ്പത്തെ വർഷമാകട്ടെ, ലോക്ക് ഡൗണിൽ ആഘോഷങ്ങൾ പൂർണമായി മുടങ്ങുകയും ചെയ്തിരുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് പിന്നാലെയാണ് കഴിഞ്ഞ വർഷം കൊവിഡ് നിരക്ക് കുതിച്ചുയർന്നത്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ഭയപ്പെട്ട നിരക്കിലേക്ക് കൊവിഡ് ഉയർന്നില്ല. ക്ഷേത്രോത്സവ സീസണിന് തുടക്കമായിക്കഴിഞ്ഞു. നവംബർ പകുതി മുതൽ വിഷുക്കാലമായ ഏപ്രിൽ വരെയാണ് കേരളത്തിലെ ആഘോഷസമയം. ക്ഷേത്രങ്ങളിലെല്ലാം ഉത്സവ തീയതികൾ തീരുമാനിച്ച് പരിപാടികളുടെ ബുക്കിംഗും ആരംഭിച്ചു.
# പരിശീലനച്ചൂടിൽ
ആശങ്കകൾ ഒഴിഞ്ഞതും ക്രിസ്മസ് പുതുവത്സര സീസണിൽ മികച്ച പ്രതികരണം ലഭിച്ചതും ക്ഷേത്രോത്സവ ബുക്കിംഗുകൾ വർദ്ധിക്കാൻ ഇടയാക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആരംഭിച്ചിരിക്കുകയാണ് കലാസംഘങ്ങൾ. ആർട്ട് വർക്കുകളും വസ്ത്രങ്ങളും ഉപകരണങ്ങളുമുൾപ്പെടെ പുതുതായി വാങ്ങിയാണ് പലരും പരിശീലനം നടത്തിവന്നത്
# പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ
1. സ്റ്റേജ് കലാകാരന്മാർ
2. ചെണ്ടമേള സംഘങ്ങൾ
3. കച്ചവടക്കാർ
4. ലൈറ്റ് ആൻഡ് സൗണ്ട് മേഖല
കഴിഞ്ഞ വർഷം ബുക്കിംഗ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഒമിക്രോൺ ഭീഷണി ഉയർന്നത്. ആയിരക്കണക്കിന് കലാകാരന്മാർക്ക് ഉപജീവനം ലഭിക്കുന്ന കാലമാണ് ഉത്സവ സീസൺ. ഇത്തവണ സീസൺ കൈവിട്ടുപോകാനുള്ള സാദ്ധ്യതയില്ലാത്തതിനാൽ സ്ഥിരം ബുക്കിംഗുകൾ നൽകിയിരുന്ന ഭരണസമിതികൾ വിളിക്കുന്നുണ്ട്
ഹാരിസ്, സ്റ്റേജ് കലാകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |