ലക്നൗ : ബാറ്റിംഗ് ദുഷ്കരമായിരുന്ന ലക്നൗവിലെ പിച്ചിൽ കിവീസിനെ രണ്ടാം ട്വന്റി-20 മത്സരത്തിൽ ആറുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ മൂന്ന് മത്സരപരമ്പര 1-1ന് സമനിലയിലാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസിനെ 99/8 എന്ന സ്കോറിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ19.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. മൂന്നാം മത്സരം ബുധനാഴ്ച അഹമ്മദാബാദിൽ നടക്കും.
ഉമ്രാൻ മാലിക്കിനെ മാറ്റി പകരം യുസ്‌വേന്ദ്ര ചഹലിനെ ഉൾപ്പെടുത്തിയ ഇന്ത്യൻ ടീം ബൗളിംഗിൽ പുലർത്തിയ കൂട്ടായ പരിശ്രമമാണ് കിവീസിന് തിരിച്ചടിയായത്. അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ,വാഷിംഗ്ടൺ സുന്ദർ,ചഹൽ,കുൽദീപ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി കിവീസിനെ ഒതുക്കുന്നതിൽ തങ്ങളുടേതായ പങ്കുവഹിച്ചു.രണ്ടോവർ മാത്രമെറിഞ്ഞ ചഹൽ അതിലൊന്ന് മെയ്ഡനാക്കുകയും ആകെ നാലുറൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. രണ്ടോവറിൽ ഏഴുറൺസ് വഴങ്ങിയായിരുന്നു അർഷ്ദീപിന്റെ രണ്ട് വിക്കറ്റ് നേട്ടം. ഹൂഡയും കുൽദീപും നാലോവറിൽ 17 റൺസ് വഴങ്ങിയപ്പോൾ വാഷിംഗ്ടൺ സുന്ദർ മൂന്നോവറിൽ 17 റൺസ് നൽകി. നാലോവറിൽ 25 റൺസ് വഴങ്ങിയ ക്യാപ്ടൻ ഹാർദിക്കായിരുന്നു കൂട്ടത്തിലെ ധാരാളി.
നാലാം ഓവറിൽ ഫിൻ അല്ലെനെ(11) ക്ളീൻ ബൗൾഡാക്കി ചഹലാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ കിവികൾ ചീട്ടുകൊട്ടാരംപോലെ പൊളിയാൻ തുടങ്ങി. അഞ്ചാം ഓവറിൽ ഡെവോൺ കോൺവേയ്‌യെ (11)വാഷിംഗ്ടൺ സുന്ദർ കീപ്പർ ഇഷാന്റെ കയ്യിലെത്തിച്ചു. ഏഴാം ഓവറിൽ ദീപക് ഹൂഡ ഗ്ളെൻ ഫിലിപ്പ്സിന്റെ (5) കുറ്റിതെറുപ്പിക്കുകൂടി ചെയ്തതോടെ കിവീസിന്റെ ചിറകൊടിഞ്ഞു. പത്താം ഓവറിൽ ഡാരിൽ മിച്ചലും (8) 13-ാം ഓവറിൽ ചാപ്മാനും പുറത്തായതോടെ കിവീസ് 60/5 എന്ന നിലയിലായി. അവസാന പത്തോവറിൽ 51 റൺസ് കൂടിയേ കിവീസിന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ.ബ്രേസ്‌വെൽ(14), ഇഷ് സോധി (1),ലോക്കീ ഫെർഗൂസൺ(0) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായി. 19 റൺസുമായി പുറത്താവാതെ നിന്ന നായകൻ മിച്ചൽ സാന്റ്നറാണ് കിവീസ് നിരയിലെ ടോപ്സ്കോററർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |