കൊച്ചി: എറണാകുളത്ത് ഹെൽമറ്റിനുള്ളിൽ നായ്‌ക്കുട്ടിയെ കടത്തിയ യുവതിയും യുവാവും പിടിയിൽ. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ നിഖിൽ, ശ്രേയ എന്നിവരാണ് പിടിയിലായത്. കർണാടകയിലെ കർക്കലയിൽ നിന്ന് പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് കടത്തികൊണ്ടുപോയ 20,000 രൂപ വിലയുള്ള നാൽപ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്‌ക്കുട്ടിയെ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.
ജനുവരി 28 രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിൽനിന്ന് നായ്‌ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെൽമറ്റിനുള്ളിൽ വയ്ക്കുകയായിരുന്നു. സ്‌പിറ്റ്‌സ് ഇനത്തിൽപ്പെട്ട മൂന്ന് നായ്ക്കുട്ടികളിൽ ഒന്നിനെയാണ് വിദ്യാർത്ഥികൾ മോഷ്ടിച്ചത്. ആലപ്പുഴ സ്വദേശിയ്ക്ക് വിൽക്കുന്നതിനായി ഇവയെ കടയിൽ എത്തിച്ചതായിരുന്നു.
നായയെയും കൊണ്ട് യുവതിയും യുവാവും കടന്നതിന് പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങാൻ ആലപ്പുഴ സ്വദേശി എത്തിയതോടെയാണ് മോഷണവിവരം കടയുടമ അറിയുന്നത്. നായ്‌ക്കുട്ടി ഓടിപ്പോയെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കണ്ടെത്താനാകാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
ഇവർപോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലെ കടയിൽ നിന്ന് തീറ്റ മോഷ്ടിച്ചതായി കണ്ടെത്തുന്നത്. ഇതിന് പിന്നാലെ കടയുടമ പനങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |