തിരുവല്ല: ട്രാവൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നരക്കിലോ ഗ്രാം കഞ്ചാവുമായി ട്രെയിനിലെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. തിരുവല്ല കുറ്റപ്പുഴ ആമല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ അഖിൽ ബാബു (23) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തരയോടെ എറണാകുളത്ത് നിന്നെത്തിയ ഗുരുവായൂർ എക്സ്പ്രസിൽ തിരുവല്ല സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് അഖിലിനെ പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിൽ ഇറങ്ങി വീട്ടിലേക്ക് പോകുംവഴി പിന്തുടർന്ന ഡാൻസാഫ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ റോഡിന്റെ പലഭാഗത്തായി നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ തഹസിൽദാർ പി.എ.സുനിലിന്റെ സാന്നിദ്ധ്യത്തിൽ മേൽനടപടി പൂർത്തിയാക്കിയശേഷം അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐ.ടി.ഐ പഠനം കഴിഞ്ഞശേഷം ഇയാൾ കഞ്ചാവ് വിൽപ്പനയിലെ കണ്ണിയാണ്. ഇയാളെക്കുറിച്ച് പൊലീസിന് മുമ്പ് വിവരങ്ങൾ ലഭ്യമായിരുന്നെങ്കിലും ഇപ്പോഴാണ് കഞ്ചാവുമായി ഇയാൾ പിടിയിലാകുന്നത്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, ഡാൻസാഫ് എസ്.ഐ അജി സാമുവേൽ, എ.എസ്.ഐ.മാരായ അജികുമാർ, മുജീബ്, സി.പി.ഒമാരായ സുജിത്ത്, അഖിൽ, ശ്രീരാജ്, ബിനു, തിരുവല്ല സ്റ്റേഷൻ എസ്.ഐ.മാരായ അനീഷ് ഏബ്രഹാം, നിത്യ സത്യൻ, സി.പി.ഒമാരായ അവിനാശ്, ജയകുമാർ, രാജേഷ്, ജോജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |