ഡെറാഡൂൺ:രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും അപകടമരണങ്ങളായിരുന്നെന്നുമുള്ള വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മന്ത്രിയും ബി.ജെ.പി. നേതാവുമായ ഗണേഷ് ജോഷി. ഗാന്ധി കുടുംബത്തിലുള്ളവർക്ക് സംഭവിച്ചത് അപകട മരണങ്ങളാണ്. അപകടമരണവും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ടെന്നും ഗണേഷ് ജോഷി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സംബന്ധിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ സഹതാപം തോന്നുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ് ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ. ഗാന്ധി കുടുംബാംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ടെന്നു പറഞ്ഞ ജോഷി ഒരാൾക്ക് അയാളുടെ ബുദ്ധിക്ക് അനുസരിച്ചേ സംസാരിക്കാൻ കഴിയൂയെന്ന് പരിഹസിക്കുകയും ചെയ്തു.
ഭാരത് ജോഡോ യാത്ര സമാധാനപരമായി അവസാനിച്ചതിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സാധാരണ നിലയിലേക്ക് എത്തിച്ചില്ലായിരുന്നെങ്കിൽ രാഹുൽ ഗാന്ധിക്ക് ലാൽ ചൗക്കിൽ ഇന്ത്യൻ പതാകയുയർത്താൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിന്റെ വേദന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മനസ്സിലാവില്ലെന്നും കാശ്മീരിലെ ജനങ്ങൾക്കു മനസ്സിലാവുമെന്നുമാണ് ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ ഓർത്തുകൊണ്ട് ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ രാഹുൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |