രാജാക്കാട്: കടബാദ്ധ്യതയെ തുടർന്ന് പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ കർഷകൻ തൂങ്ങി മരിച്ചു. രാജാക്കാട് ശംഖുപുരത്തിൽ രാജേന്ദ്രനാണ് (53) മരിച്ചത്. ഇന്നലെ പനച്ചിക്കുഴിയിലെ കൃഷിയിടത്തിൽ കുരുമുളക് വിളവെടുക്കാനായി പോയ രാജേന്ദ്രൻ വൈകുന്നേരമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് രാജാക്കാട് തോട്ടത്തിലെ ജാതി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയ തുക കടബാദ്ധ്യതയുണ്ടായിരുന്ന രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ പറയുന്നു. ബൈസൺവാലി സൊസൈറ്റിമേട് സ്വദേശിയായിരുന്ന രാജേന്ദ്രൻ ഒരു വർഷം മുമ്പാണ് വീടും പുരയിടവും വിറ്റ ശേഷം രാജാക്കാട് മുല്ലക്കാനത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. തുടർന്ന് മുല്ലക്കാനം, രാജാക്കാട്, പനച്ചിക്കുഴി എന്നിവിടങ്ങളിലെ ആറേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുകയായിരുന്നു. ഏലത്തിന് വിലയിടിഞ്ഞതിനാൽ തോട്ടം ഉടമകൾക്ക് പാട്ട തുക നൽകാൻ കഴിയാതെ രാജേന്ദ്രൻ ഏറെ നാളായി മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ചിത്തണ്ണിയിലെ ബന്ധുവീട്ടിൽ സംസ്‌കരിച്ചു. ഭാര്യ: അമ്പിളി. മക്കൾ: അപർണ, അക്ഷയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |