ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും സ്‌തംഭിച്ചു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിലെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയോ (ജെ.പി.സി) സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലുള്ള സമിതിയോ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബുധനാഴ്ച ബഡ്ജറ്റ് അവതരണത്തിന് ശേഷം പിരിഞ്ഞ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ രാവിലെ സമ്മേളിച്ചപ്പോഴാണ് പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തുവന്നത്. രാവിലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.ഐ, ഡി.എം.കെ, സി.പി.എം, മുസ്ളീം ലീഗ്, ആംആദ്‌മി പാർട്ടി, ജെ.ഡി.യു, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, കേരളാകോൺഗ്രസ്, ആർ.ജെ.ഡി നാഷണൽ കോൺഫറൻസ്, നേതാക്കൾ യോഗം ചേർന്ന് വിഷയം ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു.
എൽ.ഐ.സി, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ വിപണി മൂല്യം നഷ്‌ടപ്പെടുന്ന നിക്ഷേപ പ്രശ്‌നം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങൾ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ചതിന് പിന്നാലെ മല്ലികാർജ്ജുനഖാർഗെ (കോൺഗ്രസ്), പ്രിയങ്ക ചതുർവേദി (ശിവസേന), ബിനോയ് വിശ്വം, പി. സന്തോഷ് (സി.പി.ഐ), എളമരം കരീം, എ.എ. റഹീം (സി.പി.എം), സഞ്ജയ് സിംഗ് (ആംആദ്‌മി പാർട്ടി) തുടങ്ങിയവർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ പരിഗണിക്കുന്നില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ പറഞ്ഞു.
നോട്ടീസുകൾ നൽകിയത് വ്യവസ്ഥകൾ പാലിച്ചല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പ്രതിപക്ഷ എം.പിമാരുടെ ശക്തമായ എതിർപ്പിന് കാരണമായി. അവർ മുദ്രാവാക്യം വിളിയോടെ നടുത്തളത്തിലിറങ്ങി. ബഹളം നിയന്ത്രണാതീതമായപ്പോൾ അദ്ധ്യക്ഷൻ നടപടികൾ ഉച്ചയ്ക്ക് 2 മണി വരെ നിറുത്തിവച്ചു.
ലോക്‌സഭയിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. കോൺഗ്രസ് നേതാവ് മനീഷ് തിവാരി അടക്കം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്‌പീക്കർ ഒാം ബിർള തള്ളിയതിന് പിന്നാലെ പ്രതിപക്ഷ എം.പിമാർ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. തുടർന്ന് രണ്ടുമണിവരെ സഭ നിറുത്തിവച്ചു. രണ്ടുമണിക്ക് ഇരു സഭകളും വീണ്ടും ചേർന്നപ്പോഴും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
യാഥാർത്ഥ്യം ജനങ്ങളറിയണം: ഖാർഗെ
പാവപ്പെട്ട ആളുകൾ എൽ.ഐ.സിയിലും എസ്.ബി.ഐയിലും മറ്റ് ദേശസാത്കൃത ബാങ്കുകളിലും നിക്ഷേപിക്കുന്ന പണം ഏതാനും കമ്പനികൾക്ക് വിതരണം ചെയ്യുകയാണ്. അതിലൊരു കമ്പനിയെക്കുറിച്ച് ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെ ഓഹരിയിടിഞ്ഞു. കമ്പനിയുടെ ഉടമ ആരാണെന്ന് എല്ലാവർക്കും അറിയാം. അത്തരം കമ്പനികൾക്ക് സർക്കാർ എന്തുകൊണ്ട് പണം നൽകുന്നു?
ജനങ്ങളുടെയും എൽ.ഐ,സി, എസ്.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെയും താത്പര്യം കണക്കിലെടുത്ത് സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കണം അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കണം. ദൈനംദിന റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ വയ്‌ക്കണം.
തങ്ങളുടെ പണം എവിടെ പോയെന്ന് ജനങ്ങൾ അറിയണം. അല്ലെങ്കിൽ കോടിക്കണക്കിന് പോളിസി ഉടമകൾക്കും ബാങ്കുകളിൽ നിക്ഷേപം സൂക്ഷിക്കുന്നവർക്കും വിശ്വാസം നഷ്ടപ്പെടും. പാർലമെന്റിൽ ഇത്തരം വിഷയങ്ങൾ ഉന്നയിക്കാനും ചർച്ച ചെയ്യാനും അവസരം ലഭിക്കാറില്ലെന്നും ഖാർഗെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |