കാലടി: മലയാറ്റൂർ ചെറിയാപറമ്പിൽ വീട്ടിൽ രമേശന്റെ മകൻ ആഗതിനെ (10) അമ്മവീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പാലിശേരിയിലെ അമ്മവീട്ടിൽനിന്നാണ് ആഗത് പഠിക്കുന്നത്. ആഗതിന്റെ പിതാവും മാതാവും സഹോദരനും ഇന്നലെ ഇവിടെ വന്നിരുന്നു. 4 മണിയോടെ ആഗതിന്റെ സഹോദരൻ അദ്വെെത് ബസിൽ തനിച്ച് മലയാറ്റൂർക്ക് പോന്നതായി ബന്ധുക്കൾ പറഞ്ഞു. വൈകിട്ട് 5.30നുശേഷം കുട്ടി വീട്ടിലെ മുറിയിൽ കയറി വാതിലടച്ചെന്നും കുറച്ചുസമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരാഞ്ഞതിനെ തുടർന്ന് നോക്കിയപ്പോഴാണ് സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നും ബന്ധുക്കൾ പറയുന്നു. ജനൽവഴി അടുത്തുണ്ടായിരുന്ന അലമാരയുടെ മുകളിൽക്കയറി കുടുക്കിട്ട് താഴേക്ക് ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
പാലിശേരി ഗവ. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. അഞ്ചാംക്ലാസിലേക്ക് മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനം നേടിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
പിതാവ് രമേശൻ കാലടി ശ്രീശാരദ വിദ്യാലയത്തിലെ കായിക അദ്ധ്യാപകനും മാതാവ് ദിവ്യ പെരുമ്പാവൂർ സപ്ലെകോയിലെ ജീവനക്കാരിയുമാണ്. സഹോദരൻ അദ്വൈത് മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിയാണ്.
മൃതദേഹം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അങ്കമാലി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |