കൊട്ടാരക്കര: സ്കൂളുകൾ തുറക്കാൻ നാളടുക്കുമ്പോഴും കൊട്ടാരക്കരയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സ്ഥിതി പരിതാപകരം. ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തനം, പരിസരമാകെ കാടുമൂടി പാമ്പ് വളർത്തൽ കേന്ദ്രവുമായി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പുതിയ വിദ്യാഭ്യാസ സമുച്ചയം വരുന്നതുവരെ പരിഹാരം ഉണ്ടാകില്ല, എന്നാൽ പരിസരം വൃത്തിയാക്കുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്നാണ് ആക്ഷേപം. എല്ലാ വിദ്യാലയങ്ങളുടെയും കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ആവശ്യമാണ്, അവധിക്കാലത്ത് വളർന്ന കുറ്റിക്കാടുകൾ നീക്കം ചെയ്ത് സ്കൂൾ പരിസരമാകെ വൃത്തിയാക്കിയിടണമെന്ന് ഉത്തരവിടുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ആസ്ഥാനമാണ് തീർത്തും നാണക്കേടുള്ള അവസ്ഥയിൽ സ്ഥിതിചെയ്യുന്നത്. മാലിന്യമുക്ത നഗരസഭയെന്ന് പ്രഖ്യാപിച്ച കൊട്ടാരക്കരയിലാണ് മാതൃകയാകേണ്ട വിദ്യാഭ്യാസ ഓഫീസിന്റെ ദുരിതസ്ഥിതി.
ജീർണിച്ച കെട്ടിടം
വൃത്തിയുടെ കാര്യത്തിൽ വീഴ്ച
ഓഫീസ് കെട്ടിടത്തിന്റെ മുൻഭാഗത്ത് കുറ്റിക്കാടുകളും മറ്റും വളർന്ന് മൂടി. ഇവിടെ മിക്കപ്പോഴും ഇഴജന്തുക്കളെ കാണാറുണ്ട്. ഓഫീസിന്റെ പിൻഭാഗത്ത് അതിലും കഷ്ടമാണ്. കുറ്റിക്കാടുകൾ വളർന്ന് മൂടി, ഭക്ഷണ അവശിഷ്ടങ്ങളടക്കം ഇവിടെയാണ് നിക്ഷേപിക്കുന്നതും. വൃത്തിയുടെ കാര്യത്തിലടക്കം കുട്ടികൾക്ക് മാതൃകയാകേണ്ടവർ ഇവിടെ വൃത്തിഹീനമായ അന്തരീക്ഷമൊരുക്കുകയാണ്. സർക്കാർ ഫണ്ട് ലഭിച്ചില്ലേൽ സ്വന്തം നിലയിലെങ്കിലും ഉദ്യോഗസ്ഥർക്ക് ഇവിടം വൃത്തിയാക്കിച്ചുകൂടേയെന്നും ആളുകൾ ചോദിക്കുന്നുണ്ട്.
പുതിയ കെട്ടിടം ഇനിയെന്ന്?
കൊട്ടാരക്കരയിൽ അനുവദിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമ്മാണം നടന്നുവരികയാണ്. 5.7 കോടി രൂപയുടെ കെട്ടിടമാണ് നിർമ്മിക്കുന്നത്. 7000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഉയരേണ്ടത്. ഇത് പൂർത്തിയായാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനും ഡയറ്റിനും ജില്ലാ വിദ്യാഭ്യാസ ഓഫീസിനും സുരക്ഷിത സംവിധാനമാകും. എന്നാൽ നിർമ്മാണം ഇഴയുന്നതിനാൽ പ്രതീക്ഷ മങ്ങുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |