SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 PM IST

മരണത്തിന് തൊട്ടുമുമ്പ് ട്വിഷ ടെറസിലേക്ക്,​ ശേഷം ഭർത്താവ് മൃതദേഹവുമായി താഴേക്ക്: നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

twisha-sharma-case

ഭോപ്പാൽ: ഭർത്യവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നോയിഡ സ്വദേശിയായ മുപ്പത്തിമൂന്നുകാരി ട്വിഷ ശർമ്മയുടെ കതാരാ ഹിൽസിലെ ഭർതൃവീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മേയ് 12ന് മരിക്കുന്നതിന് തൊട്ടുമുൻപ് ട്വിഷ വീടിന്റെ ടെറസിലേക്ക് കയറിപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഭർത്താവ് സമർത്ഥ് സിംഗും മറ്റു രണ്ട് പേരും ചേർന്ന് യുവതിയുടെ മൃതദേഹം താഴേക്ക് ചുമന്നുകൊണ്ട് വരുന്നതും കൃത്രിമ ശ്വാസം നൽകാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഇതോടെ വീടിനുള്ളിൽ ജീവനൊടുക്കിയെന്ന ഭർതൃവീട്ടുകാരുടെ വാദം പൊളിഞ്ഞതായി ട്വിഷയുടെ കുടുംബം പറഞ്ഞു. ടെറസിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മകളെ കെട്ടിത്തൂക്കിയതാണോ അതോ ടെറസിൽവച്ച് കൊലപ്പെടുത്തിയതാണോ എന്ന് കണ്ടെത്താൻ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ട്വിഷയുടെ കുടുംബം.

അതേസമയം,​ സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഭർത്താവിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെയും അമ്മയും റിട്ടയേഡ് ജഡ്ജിയുമായ ഗിരിബാല സിംഗിനെതിരെയും സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗിരിബാല സിംഗിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ട്വിഷ മയക്കുമരുന്നിന് അടിമയാണെന്നാണ് സമർത്ഥിന് വേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാത്തപ്പോൾ ട്വിഷ പ്രകോപിതയാകുകയും കൈകൾക്ക് വിറയലുണ്ടാവുകയും ചെയ്തിരുന്നതായി ഗിരിബാല മകനുവേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ആരോപണങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തൂങ്ങിമരണമെന്നാണ് ഭോപ്പാലിലെ എയിംസിൽ നിന്നുള്ള പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

2024ൽ ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ട്വിഷയും സമർത്ഥും പരിചയപ്പെടുന്നത്. 2025 ഡിസംബറിൽ ഇരുവരും വിവാഹിതരായി. 2009 നും 2012 നും ഇടയിലാണ് ട്വിഷ മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. എംബിഎ ബിരുദധാരി കൂടിയായ ട്വിഷ മുൻ മിസ് പൂനെ ടൈറ്റിൽ വിജയിയാണ്. നിരവധി പരസ്യങ്ങളിലും തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹ സമയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ട്വിഷ. സമർത്ഥ് ജില്ലാ കോടതിയിൽ അഭിഭാഷകനാണ് .വിവാഹത്തിന് ശേഷം ഇരുവരുടെയും ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നാണ് ട്വിഷയുടെ കുടുംബത്തിന്റെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, TWISHA SHARMA CASE, CRIME NEWS, BHOPAL, CCTV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY