
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ തയ്യാറാക്കാൻ എൻ.ടി.എ നിയോഗിച്ചിരുന്ന വിദഗ്ദ്ധസമിതിയിലെ ഒരാളെ കൂടി ചോദ്യപേപ്പർ ചോർച്ചക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ബോട്ടണി,സുവോളജി ചോദ്യപേപ്പർ തയ്യാറാക്കിയ ബയോളജി അദ്ധ്യാപിക മനീഷ ഗുരുനാഥ് മന്ഥാരെയാണ് പിടിയിലായത്. പൂനെ സ്വദേശിയാണ്.
ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തെ ചോദ്യംചെയ്യലിൽ അദ്ധ്യാപിക കുറ്റം സമ്മതിച്ചു. സമിതിയിലെ രസതന്ത്രം അദ്ധ്യാപകൻ പി.വി. കുൽക്കർണിയെ കഴിഞ്ഞ ദിവസം അറസ്റ്ര് ചെയ്‌തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം 9 ആയി. അതേസമയം പി.വി.കുൽക്കർണിയെയും റാക്കറ്റിലെ കണ്ണിയും ബ്യൂട്ടീഷ്യനുമായ പുനെയിലെ മനീഷ വാഗ്മാറെയെയും 10 ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. ഇരുവരെയും ഇന്നലെ ഹാജരാക്കിയപ്പോൾ 14 ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ആവശ്യപ്പെട്ടത്.
മേയ് 3നായിരുന്നു പരീക്ഷയെങ്കിലും ഏപ്രിലിൽ തന്നെ ചോദ്യപേപ്പർ ചോർന്നിരുന്നു. മനീഷ വാഗ്‌മാറെ വഴി സമിതിയിലെ അദ്ധ്യാപിക വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. അദ്ധ്യാപികയുടെ വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസ് നടത്തി. പരീക്ഷയ്‌ക്ക് വരുമെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ പറഞ്ഞുകൊടുത്തു. അവ തന്നെയാണ് പരീക്ഷയ്‌ക്ക് വന്നതും. ഇന്നലെ വിവിധ സംസ്ഥാനങ്ങളിലായി ആറിടത്ത് സി.ബി.ഐ റെയ്ഡ് നടത്തി. നിർണായക രേഖകൾ, ലാപ്ടോപ്പ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ,മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. അതേസമയം,എൻ.ടി.എ പിരിച്ചുവിടണമെന്ന് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.
ബി.ജെ.പി നേതാവിന്റെ
മകനെ തെരയുന്നു
ഉദയ്പൂരിലെ ബി.ജെ.പി പ്രാദേശിക നേതാവായ ദിനേശ് ബിവാൽ,സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്റെ മൂത്ത മകൻ വികാസ് എന്നിവരെ നേരത്തേ അറസ്റ്ര് ചെയ്‌തിരുന്നു. ദിനേശിന്റെ മകൻ റിഷിയെ സി.ബി.ഐ തെരയുകയാണ്. മകനു വേണ്ടി 10 ലക്ഷം രൂപ കൊടുത്താണ് ദിനേശ് ചോദ്യപേപ്പർ സംഘടിപ്പിച്ചത്.
പുന:പരീക്ഷ അഡ്‌മിറ്റ്
കാർഡ് ജൂൺ 14ന്
ജൂൺ 21നാണ് പുന:പരീക്ഷ. വിദ്യാർത്ഥികൾക്ക് നിലവിലെ മേൽവിലാസവും പരീക്ഷാ സെന്ററും മാറ്രണമെങ്കിൽ മേയ് 21 വരെ https://neet.nta.nic.inൽ അപ്ഡേറ്റ് ചെയ്യാം. പരീക്ഷാ സെന്റർ,അഡ്‌മിറ്റ് കാർഡുകൾ തുടങ്ങിയവ ജൂൺ 14ന് എൻ.ടി.എ വെബ്സൈറ്റിൽ അറിയിക്കും.
നീറ്ര് യു.ജി റദ്ദാക്കൽ:
സികറിലും ആത്മഹത്യ
ന്യൂഡൽഹി: നീറ്റ് യു.ജി റദ്ദാക്കിയതിലുള്ള മാനസിക സമ്മർദ്ദത്തിൽ ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്‌തു. രാജസ്ഥാനിലെ സികറിൽ 22കാരനായ പ്രദീപ് മേഘ്വാളാണ് ജീവനൊടുക്കിയത്. കഴിഞ്ഞദിവസം ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ റിതിക് മിശ്രയും ആത്മഹത്യ ചെയ്‌തിരുന്നു 22 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ ചതിക്കപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |