SignIn
Kerala Kaumudi Online
Saturday, 23 May 2026 4.18 AM IST

സ്‌പീക്കർ തിരഞ്ഞെടുപ്പ്: ആദ്യം വോട്ടിട്ടത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും

niyamasabha

തിരുവനന്തപുരം: സ്‌പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയത് മുഖ്യമന്ത്രി വി.ഡി.സതീശനും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും. തുടർന്ന് മന്ത്രിമാരുടെ ഒന്നാം നിരയിലുള്ളവരെയാണ് വിളിച്ചത്. ഇതിനുശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കെ.രാജനെയും മുൻനിരയിലെ കക്ഷിനേതാക്കളെയും വിളിച്ചു. ബാലറ്റ് ഉപയോഗിച്ച് ഒരേസമയം രണ്ട് സാമാജികർക്ക് വീതം വോട്ടുചെയ്യാൻ കഴിയുംവിധമായിരുന്നു ക്രമീകരണം.

തിരുവ‌ഞ്ചൂർ രാധാകൃഷ്‌ണനുവേണ്ടി ഇന്നലെ നാല് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശിച്ച് സണ്ണി ജോസഫ് പിന്താങ്ങുന്നതായിരുന്നു ഒരു സെറ്റ്. പി.കെ.കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ച് പി.കെ.ബഷീർ പിന്താങ്ങിയും മോൻസ് ജോസഫ് നിർദ്ദേശിച്ച് അനൂപ് ജേക്കബ് പിന്താങ്ങിയും ഷിബുബേബിജോൺ നിർദ്ദേശിച്ച് സി.പി.ജോൺ പിന്താങ്ങിയുമായിരുന്നു മറ്റു പത്രികകൾ.

എ.സി.മൊയ്‌തീനു വേണ്ടി രണ്ടുസെറ്റ് പത്രികകളാണ് നൽകിയത്. പിണറായി വിജയൻ നിർദ്ദേശിച്ച് കെ.രാജൻ പിന്താങ്ങിയും കെ.എൻ. ബാലഗോപാൽ നിർദ്ദേശിച്ച് പി.കെ.പ്രവീൺ പിന്താങ്ങിയുമായിരുന്നു അവ. ബി.ജെ.പി അംഗം ബി.ബി.ഗോപകുമാറിന്റെ പത്രിക നിർദ്ദേശിച്ചത് രാജീവ് ചന്ദ്രശേഖറും പിന്താങ്ങിയത് വി.മുരളീധരനുമായിരുന്നു.

അൻവർസാദത്ത് (യു.ഡി.എഫ്),സി.കെ.ഹരീന്ദ്രൻ (എൽ.ഡി.എഫ്),​വി.മുരളീധരൻ (ബി.ജെ.പി) എന്നിവരായിരുന്നു കൗണ്ടിംഗ് ഏജന്റുമാർ.

വോട്ടെണ്ണൽ തുടങ്ങിയതോടെ തിരുവഞ്ചൂർ സഭാംഗങ്ങളുടെ അടുത്തെത്തി സൗഹൃദം പങ്കിട്ടു. ഫലപ്രഖ്യാപനം വന്നതോടെ കക്ഷി ഭേദമെന്യേ എല്ലാ അംഗങ്ങളും തിരുവഞ്ചൂരിന്റെ അടുത്തെത്തി അനുമോദനം അറിയിച്ചു. പ്രോടെം സ്‌പീക്കർ ജി.സുധാകരൻ പുതിയ സ്‌പീക്കറെ പ്രഖ്യാപിച്ച് തന്റെ ചുമതലയിൽ നിന്നും ഒഴിവായി. പിന്നീട് ചെറിയ ചായ സത്കാരവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA