SignIn
Kerala Kaumudi Online
Saturday, 23 May 2026 4.24 AM IST

കുടിവെള്ള വിതരണം കാര്യക്ഷമമാക്കും: മന്ത്രി

kwa

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്യക്ഷമമായി കുടിവെള്ള വിതരണം നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും ഈ അവസ്ഥയിൽ മാറ്റം വരുത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കുടിവെള്ള കണക്ഷനുകൾ വ്യാപകമായി കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ജൽജീവൻ മിഷൻ വന്നശേഷം. എന്നാൽ,​ ജലസ്രോതസുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായില്ല. പുതുതായി പൈപ്പിട്ടതടക്കം ശരിയായ രീതിയിൽ ഉപയോഗിക്കാനാകുന്നില്ല. പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതികളുമുണ്ട്. ജൽജീവൻ മിഷൻ കാര്യക്ഷമമാക്കുന്നതടക്കം സാദ്ധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.

എന്നാൽ,​ ഇവയെല്ലാം പെട്ടെന്ന് പൂർത്തിയാക്കാവുന്ന കാര്യങ്ങളല്ല. ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാൻ നിലവിൽ വാട്ടർ അതോറിറ്റിക്ക് കഴിയുന്നില്ലെന്നത് വസ്തുതയാണ്. പരാതി പരിഹരിക്കാനുള്ള മാർഗങ്ങൾ വാട്ടർ അതോറിറ്റിക്ക് നടപ്പാക്കാൻ കഴിയുന്നില്ല. എല്ലായിടത്തും പ്രശ്‌നങ്ങളുണ്ട്. കുടിവെള്ളം സുലഭമായി എത്തിക്കാൻ കഴിയുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ലക്ഷ്യം.

നദികളും ജലാശയങ്ങളും വേണ്ടപോലെ പ്രയോജനപ്പെടുത്തുന്നില്ല. മാലിന്യം നിറഞ്ഞും മണൽമൂടിയും ജലസ്രോതസുകൾ കൃത്യമായ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പഠിച്ച് ആവശ്യമായ ഇടപെടൽ നടത്തും. കാർഷികമേഖലയ്ക്കും ജനവാസമേഖലയ്ക്കും ഗുണം ചെയ്യുന്നവിധം ജലസ്രോതസുകൾ എങ്ങനെ മാറ്റാമെന്ന് പരിശോധിച്ച് പദ്ധതി തയ്യാറാക്കും. പ്രധാന നഗരങ്ങളിൽ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നിലനിൽക്കുന്നു. ഗ്രാമ-നഗര മേഖലയിലെ പ്രശ്‌നങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വകുപ്പിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ഗവർണറുടെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുമായി ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചു ചേർത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA