SignIn
Kerala Kaumudi Online
Saturday, 23 May 2026 4.24 AM IST

സ്‌പീക്കർക്ക് എന്തിലും ഇടപെടാം: തിരുവഞ്ചൂർ

thiru

കോട്ടയം: വികസന കാര്യത്തിൽ മന്ത്രിക്കേ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്ന ധാരണ ശരിയല്ലെന്നും സ്‌പീക്കർക്ക് എന്തിലും ഇടപെടാമെന്നും സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. വികസന കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു വിശദീകരണം തേടാം. സഭയിൽ നേരിട്ട് പ്രത്യേക പരാമർശം നടത്തിയും ഇടപെടാം,​ സാധാരണക്കാർക്ക് നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്ക് പരാതി നൽകി പരിഹാരം കാണാം,​ അങ്ങനെ വിപുലമായ അധികാരങ്ങളാണ് സ്‌പീക്കർക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'താൻ നിഷ്‌പക്ഷനായിരിക്കും. ഭരണഘടനാപദവിയാണ് സ്‌പീക്കറുടേത്. ഇരുഭാഗത്തുമുള്ളവർക്ക് സ്വീകാര്യമായ നിലപാട് സ്വീകരിക്കുന്ന തലത്തിലേക്ക് ഉയരാനാകും ശ്രമിക്കുക. ഓരോ അംഗങ്ങളും അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ പൊതു താത്പര്യങ്ങൾ സംരക്ഷിക്കണം. പരസ്‌പരം ഏറ്റുമുട്ടലിലേക്കു പോകാതെ പറയാനുള്ളത് കേട്ട് മുന്നോട്ടുപോകും. ഇപ്പോൾ പലപ്പോഴും സഭ ബഹളമയമാകാറുണ്ട്. ഇതു നല്ല രീതിയല്ല. മറ്റു നിയമസഭകളുമായി തട്ടിച്ചുനോക്കുമ്പോൾ ഏറ്റവും പാരമ്പര്യമുള്ള സഭയാണ് നമ്മുടേത്. ആ പാരമ്പര്യത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോകാനാകും ശ്രമിക്കുകയെന്നും സ്‌പീക്കർ വ്യക്തമാക്കി.

മുൻ സ്‌പീക്കർമാരുടെ നല്ല പാരമ്പര്യമുണ്ട്. ജനപ്രതിനിധിയെന്ന നിലയിൽ അത് നന്നായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വക്കം പുരുഷോത്തമൻ സമയനിഷ്ടയിൽ കർക്കശക്കാരനായിരുന്നു. വി.എം.സുധീരനും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. കാര്യോപദേശക സമിതി തീരുമാനം അംഗീകരിച്ച് സഭ നന്നായി നടത്തിക്കൊണ്ടു പോകണം. പുതിയ അംഗങ്ങളെ സഭാ നടപടികളിൽ കൃത്യമായി പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുപ്രവർത്തന മികവിൽ

സ്‌പീക്കർ കസേരയിലേക്ക്

സ്‌കൂൾ പഠനത്തിനിടെ കെ.എസ്.യുക്കാരനായത് മുതൽ സ്‌പീക്കർ പദവി വരെയുള്ള വളർച്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ താണ്ടിയ പടവുകൾ ഏറെ. ആഭ്യന്തര വകുപ്പിനു പുറമേ ഒരേസമയം അഞ്ച് വകുപ്പുകൾ കൈകാര്യം ചെയ്‌തതിന്റെ അനുഭവ സമ്പത്തുമായാണ് തിരുവഞ്ചൂർ സ്‌പീക്കർ കസേരയിലെത്തുന്നത്.

കോട്ടയം തിരുവഞ്ചൂരിൽ കെ.പി.പരമേശ്വരൻപിള്ള-എം.ജി.ഗൗരിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി 1949ൽ ജനനം. കോട്ടയം എം.ടി സെമിനാരി സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിൽ നിന്ന് നിയമബിരുദവും നേടി. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി(1971)​,​ചെയർമാൻ (1973)​ പദവികൾ വഹിച്ചിട്ടുണ്ട്. 1974-77ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി,​ പ്രസിഡന്റ് പദവികളും കെ.പി.സി.സി ജനറൽസെക്രട്ടറി സ്ഥാനവും വഹിച്ചു.

1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സി.പി.എമ്മിന്റെ കരുത്തനായ ടി.കെ.രാമകൃഷ്ണനോട് പരാജയപ്പെട്ടു. ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരം 1991ൽ അടൂർ മണ്ഡലത്തിലേക്ക് കളം മാറ്റി. സി.പി.എമ്മിലെ ആർ.ഉണ്ണിക്കൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ 96,2001,2006 തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. അടൂർ സംവരണ മണ്ഡലമായതോടെ വീണ്ടും കോട്ടയത്തേക്ക് മടക്കം. 2011ൽ വി.എൻ.വാസവനെ തോല്പിച്ച് സഭയിലെത്തി. തുടർന്നുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും കോട്ടയത്ത് വിജയം.

2004ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ജലവിഭവം,വനം,ആരോഗ്യം,പാർലമെന്ററികാര്യം വകുപ്പുകളിൽ മന്ത്രിയായി. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. 2012ൽ ആഭ്യന്തര മന്ത്രിയായി. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ അതിവേഗം പിടികൂടിയതും ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ജോപ്പനെ സോളാർ കേസിൽ അറസ്റ്റുചെയ്‌തതും ആഭ്യന്തര മന്ത്രി എന്ന നിലയിൽ ശ്രദ്ധേയ നേട്ടങ്ങളായി. ഭാര്യ: ലളിതാംബിക രാധാകൃഷ്ണൻ. മക്കൾ: ഡോ.അനുപം രാധാകൃഷ്ണൻ,അർജുൻ രാധാകൃഷ്ണൻ,ആതിര രാധാകൃഷ്ണൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA