SignIn
Kerala Kaumudi Online
Saturday, 23 May 2026 4.20 AM IST

മലയിടംതുരുത്ത് പര്യത്ത് കോളനി നിവാസികളെ കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി റോജി

a

കിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്ത് കോളനി നിവാസികളെ കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി റോജി എം.ജോണും വി.പി.സജീന്ദ്രൻ എം.എൽ എയും അറിയിച്ചു. രാത്രി വൈകി കളക്ടറേറ്റിൽ ചേർന്ന നിർണായക യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

ഹൈക്കോടതിയിൽ പരിഗണനയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിൽ കുടിയൊഴിപ്പിക്കലിന് സർക്കാർ എതിരാണ്. സുപ്രീം കോടതിയിലെ കേസിൽ പ്രതികൂല വിധിയുണ്ടാകുന്ന സാഹചര്യമുണ്ടായാലും കോളനിയിലെ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. കോളനിവാസികളുടെ ആശങ്കകൾ പരിഗണിച്ചാണ് ചർച്ച നടന്നത്.

സമരസമിതി നടത്തിയ ചർച്ച തൃപ്തികരമായിരുന്നുവെന്നും സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു. ഇതോടെ നടത്താനിരുന്ന കുടിയൊഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിറുത്തി. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി സംഘർഷാവസ്ഥയും അനിശ്ചിതത്വവും നിലനിന്നിരുന്നു. കേസിന്റെ തുടർനടപടികളും കോടതിവിധികളും അനുസരിച്ചായിരിക്കും സർക്കാർ മുന്നോട്ടുപോകുക. അതേസമയം ജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുകയെന്ന ഉറപ്പും അധികൃതർ നൽകി.


പൊലീസ് നടപടിയിൽ ഇന്റലിജൻസ് അന്വേഷണം

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് കോളനിയിലെ ഒഴിപ്പിക്കൽ നടപടി സംഘർഷ ഭരിതമാക്കിയത് പൊലീസിന്റെ അപ്രതീക്ഷിത നടപടികളെന്ന പരാതിയിൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. എക്സിക്യുട്ടീവ് മജിസ്ട്രേട്ടിനെ പോലും അറിയിക്കാതെയാണ് കോളനിയിലേക്ക് ഇരച്ചുകയറിയതെന്നാണ് ആരോപണം. പുതിയ സർക്കാർ അധികാരമേറ്റ് രണ്ടാം ദിവസമുണ്ടായ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണ് അന്വേഷിക്കുക.
ബുധനാഴ്ച പതിനഞ്ചാം തവണ ഒഴിപ്പിക്കൽ നടപടിക്കായി അഡ്വക്കേറ്റ് കമ്മിഷനും വൻ പൊലീസ് സന്നാഹവും കോളനിയിലെത്തിയെങ്കിലും പ്രകോപനങ്ങളില്ലാതെ കോളനിവാസികൾ പ്രതിഷേധിച്ചു.എന്നാൽ ഉച്ചയ്ക്ക് ഭക്ഷണ ഇടവേളയ്ക്ക് പിന്നാലെ, മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസ് കോളനിയിലേക്ക് കടന്നുകയറി. കുന്നത്തുനാട് തഹസിൽദാർ എക്സിക്യുട്ടീവ് മജിസ്ട്രേട്ടായി സ്ഥലത്തുണ്ടായിരുന്നെങ്കിലും നടപടിയെക്കുറിച്ച് അറിയിച്ചില്ലെന്നാണ് സൂചന. മുൻ സർക്കാരിന്റെ കാലത്ത് 14 തവണ ഒഴിപ്പിക്കലിനെത്തിയ സംഘങ്ങൾ കൂടുതൽ പ്രകോപനപരമായ സാഹചര്യങ്ങളിലും കോളനിയിലേക്ക് കയറിയിട്ടില്ല. പൊലീസ് നടപടി ആരംഭിച്ച് മിനിറ്റുകൾക്കകം മുൻ എം.എൽ.എയും സ്ഥലത്തെത്തി. സി.പി.എം സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതോടെ, സർക്കാരിനും തലവേദനയായി.

സർക്കാർ തീരുമാനമല്ലെന്ന് മന്ത്രി തുളസി

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടി സർക്കാരിന്റെ തീരുമാനമല്ലെന്ന് മന്ത്രി കെ.എ.തുളസി. ഒഴിപ്പിക്കൽ കോടതി ഉത്തരവിന്റെ ഭാഗമായുള്ളതാണെന്നും വകുപ്പ് റിപ്പോർട്ട് തേടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരനൊപ്പം നിൽക്കുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ നയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA