
# ചെലവ് 54000കോടി
# ഭൂമിയേറ്റെടുക്കൽ ഭൂഗർഭപാത
വരുന്നിടങ്ങളിൽ മാത്രം
# മറ്റിടങ്ങളിൽ നിർമ്മാണം
കഴിഞ്ഞ് വിട്ടുകൊടുക്കും
തിരുവനന്തപുരം: റദ്ദാക്കിയ സിൽവർലൈനിന് പകരം റെയിൽവേയുമായി ചേർന്ന് അതിവേഗറെയിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതിനിടെ സ്വന്തംനിലയിൽ ഹൈസ്പീഡ് റെയിലിന്റെ ഇടക്കാലപദ്ധതിരേഖ തയ്യാറാക്കി മെട്രോമാൻ ഇ.ശ്രീധരൻ.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനിവൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ തിരുവനന്തപുരം-കണ്ണൂർ പാതയുടെ പദ്ധതിരേഖ അടുത്തമാസം കേന്ദ്രത്തിന് സമർപ്പിക്കും.
ഭൂഗർഭപാതയ്ക്കല്ലാതെ ഭൂമിയേറ്റെടുക്കൽ ആവശ്യമില്ല. എലിവേറ്റഡ് പാതയ്ക്ക് 20 മീറ്റർ വീതിയിൽ ഭൂമി മതിയാവും. നിർമ്മാണം പൂർത്തിയാക്കിയാൽ ഭൂമി ഉടമയ്ക്ക് തിരികെ നൽകും. അതിനാൽ ജനരോഷമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ.
കേന്ദ്രത്തിന് താത്പര്യമുള്ള പദ്ധതിയായതിനാലും വേഗത്തിൽ അനുമതി ലഭിക്കാൻ സാദ്ധ്യതയുള്ളതിനാലും സംസ്ഥാന സർക്കാർ സഹകരിച്ചേക്കും. സർക്കാരിനോട് ചേർന്നുപ്രവർത്തിക്കാൻ ശ്രീധരൻ സന്നദ്ധനാണ്. അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാമെന്നാണ് ശ്രീധരന്റെ ഉറപ്പ്.
മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 180കി.മി വേഗമുള്ള പാതയാണ് . 465കി.മി ദൂരം 3.20 മണിക്കൂറിൽ എത്താം. 20-30കി.മി ഇടവിട്ട് രണ്ട് ടെർമിനൽ അടക്കം 20 സ്റ്റേഷനുകളുണ്ടാവും. എ.സി ചെയർകാറിലും വന്ദേഭാരതിലും ഈടാക്കുന്നതിലും കുറഞ്ഞ നിരക്കായിരിക്കും. 54000കോടിയാണ് പ്രതീക്ഷിക്കുന്നചെലവ്. നടത്തിപ്പിന് കേന്ദ്രത്തിന് 51ശതമാനവും സംസ്ഥാനത്തിന് 49 ശതമാനവും ഓഹരിയുള്ള കമ്പനി രൂപീകരിക്കണം. ചെലവിന്റെ 70%കേന്ദ്ര-സംസ്ഥാന വിഹിതമാണ്. 30% വായ്പയായും ബോണ്ടിറക്കിയും സമാഹരിക്കണം. കേന്ദ്രം 20171കോടിയും സംസ്ഥാനം 19380കോടിയും മുടക്കണം. കേന്ദ്രത്തിന് പ്രതിവർഷം 4034കോടിയുടെയും സംസ്ഥാനത്തിന് 3876കോടിയുടെയും ബാധ്യതയുണ്ടാവും.
എട്ടുകോച്ചുള്ള ട്രെയിനാണോടിക്കുക. 560പേർക്ക് യാത്രചെയ്യാം. തിരക്കുള്ള സമയത്ത് 30മിനിറ്റിലും അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവിട്ടും സർവീസ് നടത്താം. നിത്യേന 45000യാത്രക്കാരുണ്ടാവുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ സർവേ നടത്താൻ സാധിക്കാത്തതിനാൽ അതൊഴിവാക്കിയാണ് ഇടക്കാല റിപ്പോർട്ട്.
20 സ്റ്റേഷനുകൾ;
പത്തനംതിട്ട വഴി
തിരുവനന്തപുരംസെൻട്രൽ, വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം,വൈക്കം, എറണാകുളം ബൈപ്പാസ്, നെടുമ്പാശേരി വിമാനത്താവളം, തൃശൂർ, പട്ടാമ്പി, മലപ്പുറം,കരിപ്പൂർ വിമാനത്താവളം, കോഴിക്കോട്. കൊയിലാണ്ടി, വടകര,തലശേരി, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ.
പാറശാലയിലേക്കും
മംഗളുരുവിലേക്കും നീട്ടാം
അടുത്തഘട്ടങ്ങളിൽ കണ്ണൂരിൽനിന്ന് മംഗളുരുവിലേക്കും കോഴിക്കോട്ട് നിന്ന് കൽപ്പറ്റയിലേക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്കും തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കും തിരുവനന്തപുരത്ത് നിന്ന് പാറശാലയിലേക്കും പാത നീട്ടാം. 35000കോടി ചെലവുണ്ടാവും.
ടിക്കറ്റ് നിരക്ക്
(ബ്രായ്ക്കറ്റിൽ യാത്രാസമയം)
തിരുവനന്തപുരം-കോഴിക്കോട്..........................₹640 (2.2മണിക്കൂർ)
തിരുവനന്തപുരം-എറണാകുളം.........................₹440 (1.2)
എറണാകുളം-കോഴിക്കോട്.................................₹420 (1.10)
കോഴിക്കോട്-കണ്ണൂർ.............................................₹305 (50മിനിറ്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |