SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.32 PM IST

സർക്കാർ വകുപ്പുകളിലും ചെലവുചുരുക്കൽ; സുരക്ഷാ വാഹനവ്യൂഹം പകുതിയായി കുറച്ച് പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
pm-narendra-modi

ന്യൂഡൽഹി: പെട്രോൾ,​ ഡീസൽ പ്രതിസന്ധിയ്ക്ക് പിന്നാലെ സ്വന്തം സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വാഹനങ്ങൾ വാങ്ങി അധിക സാമ്പത്തിക ബാധ്യത വരുത്താതെ നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ് (എസ്‌പിജി)​ നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബ്ലൂ ബുക്കിലെ നിയമങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ എസ്‌പിജി ആരംഭിച്ചു.

ഞായറാഴ്ച ഹൈദരാബാദിൽ നടന്ന പൊതുറാലിയിൽ ഇന്ധന ഉപഭോഗവും സ്വർണ്ണ ഉപഭോഗവും കുറയ്ക്കാനും വർക്ക് ഫ്രം ഹോം രീതിയിലേയ്ക്ക് മാറാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക തലത്തിൽ തന്നെ മാറ്റങ്ങൾക്ക് തുടക്കമിട്ട് അദ്ദേഹം മാതൃകയായത്.

ഗുജറാത്തിലും അസമിലും നടത്തിയ സന്ദർശനങ്ങളിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ഇതേ നടപടികളിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സി.ആർ. പാട്ടീൽ അകമ്പടി വാഹനം ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കി.

വരും ദിവസങ്ങളിൽ എല്ലാ സർക്കാർ വകുപ്പുകളിലും കർശനമായ ചെലവ് ചുരുക്കൽ നടപടികൾ ഉണ്ടായേക്കും. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ അനൗദ്യോഗിക യോഗത്തിലും ഈ വിഷയങ്ങൾ ചർച്ച ചെയ്‌തതായാണ് സൂചന.

TAGS: NEWS 360, NATIONAL, NATIONAL NEWS, PM NARENDRA MODI, ECONOMIC CRISIS, INDIA, IRAN ISRAEL WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360