SignIn
Kerala Kaumudi Online
Saturday, 16 May 2026 12.24 AM IST

തമിഴ്‌നാട്ടിൽ പോളിംഗ് റെക്കോഡ് കടക്കുമെന്ന് സൂചന; പശ്ചിമ ബംഗാളിൽ പലയിടങ്ങളിലും സംഘർഷം

vote

ചെന്നൈ: തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തുമെന്ന് സൂചന. മൂന്ന് മണിവരെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതോടെ 2021 ലെ 73 ശതമാമെന്ന കണക്ക് ഇത്തവണ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവെ പോളിംഗ് കുറവുള്ള ചെന്നൈയിൽ ഇത്തവണ 80 ശതമാനം കടക്കുമെന്നാണ് സൂചന. സംസ്ഥാനത്തുടനീളം വോട്ടർമാരുടെ സജീവ പങ്കാളിത്തമാണ് കാണാൻ കഴിയുന്നത്. പല ജില്ലകളിലും ഉയർന്ന പോളിംഗ് ശതമാനമാണ് റിപ്പോർട്ട് ചെയ്യുന്നത്.

തമിഴ്‌നാട്ടിൽ ആകെ 234 മണ്ഡലങ്ങളിലായി 4,023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പിലെ കൂടിയ പോളിംഗ് തങ്ങൾക്ക് നേട്ടമാകുമെന്നാണ് പ്രധാനപ്പെട്ട പാർട്ടികൾ അവകാശപ്പെടുന്നത്. തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കും. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതൃത്വം നൽകുന്ന സഖ്യവും പ്രതിപക്ഷമായ ഓൾ ഇന്ത്യാ അണ്ണാ ദ്രാവി‌ഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) നേതൃത്വം നൽകുന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. നിലവിലുള്ള എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം പേർക്കും അവസരം നൽകിക്കൊണ്ടാണ് ഇരു മുന്നണികളും മത്സരത്തിനിറങ്ങിയത്. തമിഴ്‌നടൻ വിജയ് രൂപംനൽകിയ തമിഴക വെട്രി കഴകവും (ടിവികെ) മത്സരരംഗത്ത് സജീവമാണ്.

അതേസമയം, പശ്ചിമബംഗാളിൽ മൂന്ന് മണിവരെ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 294 മണ്ഡലങ്ങളിൽ 152 എണ്ണത്തിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 54 എണ്ണവും വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിലായാണ് സ്ഥിതിചെയ്യുന്നത്. തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിൽ പലയിടങ്ങളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎയായ അഗ്നിമിത്ര പോളിന്റെ വാഹനം ആക്രമിക്കപ്പെട്ടെന്ന ആരോപണം ഉയരുന്നു. മുർഷിദാബാദിലെ നൗഡയിൽ തിരഞ്ഞെടുപ്പിനിടെ പെട്രോൾ ബോംബ് സ്‌ഫോടനമുണ്ടായി. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. അക്രമസാദ്ധ്യത കണക്കിലെടുത്ത് ഇവിടേക്ക് നേരത്തെതന്നെ കേന്ദ്ര ഏജൻസികളെ വിന്യസിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, WEST BANGAL, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360