
കൊൽക്കത്ത: ആർജി.കർ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിനി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മോശം പെരുമാറ്റമുണ്ടായി, കൃത്യവിലോപം നടത്തി എന്നിവയാണ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ. കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ, മുൻ ഡെപ്യൂട്ടി കമ്മിഷണർമാരായ ഇന്ദിര മുഖർജി, അഭിഷേക് ഗുപ്ത എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ സസ്‌പെൻഡ് ചെയ്യുന്നതായി ഉത്തരവിൽ പറയുന്നു.
ഇരയുടെ മാതാപിതാക്കൾക്ക് കൈക്കൂലിയായി പണം വാഗ്ദാനം ചെയ്തതും അനധികൃത പത്രസമ്മേളനം നടത്തിയതും ഉൾപ്പെടെ കേസ് കൈകാര്യം ചെയ്തതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. നിലവിൽ കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കുന്ന കേസിൽ സംസ്ഥാന സർക്കാർ ഇടപെടില്ല. ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടികളും വകുപ്പുതല അന്വേഷണവും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറി നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |