
ഡബ്ലിൻ: ഐപിഎല്ലിൽ നിന്നും വിരമിച്ചതിന് പിന്നാലെ പുതിയ ടീമിനെ നയിക്കാനൊരുങ്ങി മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. പുതുതായി ആരംഭിക്കുന്ന യൂറോപ്യൻ ട്വന്റി-20 പ്രീമിയർ ലീഗിൽ ഡബ്ലിൻ ഗാർഡിയൻസ് എന്ന ടീമിനെയാണ് അശ്വിൻ നയിക്കുക. 2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2025ൽ ഐപിഎല്ലിൽ നിന്നും വിരമിച്ച അശ്വിൻ, വിദേശ ലീഗുകളിൽ കളിക്കാനുള്ള താൽപ്പര്യം മുമ്പും പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡാണ് ടീമിന്റെ ഉടമകളിലൊരാൾ.
ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടക്കുന്ന ലീഗിൽ ഡബ്ലിൻ, ബെൽഫാസ്റ്റ്, എഡിൻബറോ, ഗ്ലാസ്‌ഗോ, റോട്ടർഡാം, ആംസ്റ്റർഡാം തുടങ്ങിയ ആറ് ടീമുകളാണുള്ളത്. മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വെൽ, ഫാഫ് ഡു പ്ലെസിസ്, ഹെന്റിച്ച് ക്ലാസൻ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളും ലീഗിൽ അണിനിരക്കും.
യൂറോപ്പിൽ ക്രിക്കറ്റിന് പ്രചാരം നൽകുന്നതിനും താഴെത്തട്ടിലുള്ള താരങ്ങൾക്ക് മികച്ച അവസരങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ലീഗിൽ നിക്ഷേപം നടത്തിയതെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. ഡബ്ലിനിൽ ക്രിക്കറ്റിനോടുള്ള ആവേശം വർദ്ധിച്ചുവരികയാണെന്നും വളർന്നുവരുന്ന പ്രതിഭകൾക്ക് ഈ ലീഗ് മികച്ചൊരു വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റിന് അത്ര വലിയ വേരോട്ടമില്ലാത്ത രാജ്യങ്ങളിൽ അശ്വിനെപ്പോലുള്ള ഒരു സൂപ്പർ താരം എത്തുമ്പോൾ അത് സ്വാഭാവികമായും വലിയ മാദ്ധ്യമ ശ്രദ്ധ നേടുകയും കാണികളെ ഗ്യാലറിയിലേക്ക് ആകർഷിക്കുകയും ചെയ്യും. ദീർഘകാലത്തെ അന്താരാഷ്ട്ര കരിയറിലൂടെ അശ്വിൻ നേടിയെടുത്ത പരിചയസമ്പത്ത് പ്രാദേശിക താരങ്ങൾക്ക് പകർന്നുനൽകാൻ ഇതിലൂടെ സാധിക്കും. ഇത് ആ രാജ്യങ്ങളിലെ ക്രിക്കറ്റിന്റെ നിലവാരം ഉയർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽ ദ്രാവിഡിനെപ്പോലെയുള്ള പ്രമുഖർ ലീഗിന്റെ ഭാഗമാകുന്നത് കൂടുതൽ സ്‌പോൺസർമാരെയും നിക്ഷേപകരെയും ഈ മേഖലയിലേക്ക് എത്തിക്കാൻ കാരണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |