സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടനെ പുറത്താക്കി
യു.ഷറഫലി പുതിയ പ്രസിഡന്റ്,ഇന്ന് രാവിലെ സ്ഥാനമേൽക്കും, ഭരണസമിതി ഉടൻ
തിരുവനന്തപുരം : പരാതികളിലും വിവാദങ്ങളിലും ആടിയുലഞ്ഞ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒളിമ്പ്യൻ മേഴ്സി കുട്ടനെ പുറത്താക്കിയ സർക്കാർ പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബാളറും വിരമിച്ച പൊലീസ് കമൻഡാന്റുമായ യു.ഷറഫലിയെ നിയമിച്ചു.
കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ സ്ഥിരമായതോടെ പ്രസിഡന്റ് അടക്കം മുഴുവൻ ഭരണസമിതിയെയും പുറത്താക്കി ശുദ്ധികലശം നടത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് മേഴ്സി കുട്ടൻ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞതെങ്കിലും ഇന്നലെ പുതിയ പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്ത് കായിക മന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കുകയായിരുന്നു.വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സറ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ് തോമസ്, ഐ.എം. വിജയൻ, റഫീഖ്, വി. സുനിൽകുമാർ, എസ്. രാജീവ്, എം.ആർ. രഞ്ജിത് എന്നിവരും രാജിവച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പുതിയ പ്രസിഡന്റ് ചുമതല ഏറ്റെടുക്കും. പുതിയ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളെയും വൈസ് പ്രസിഡന്റിനെയും ഉടൻ നാമനിർദ്ദേശം ചെയ്യും.സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ മുൻ ലോക ബോക്സിംഗ് ചാമ്പ്യൻ കെ.സി ലേഖ, ഫുട്ബാൾ താരം സി.കെ വിനീത് എന്നിവരുണ്ടാകുമെന്നാണ് അറിയുന്നത് ഇതിൽ കായിക താരങ്ങളെക്കൂടാതെ അസോസിയേഷൻ പ്രതിനിധികൾക്കും കായിക സംഘാടകർക്കും ഏഴംഗ കമ്മിറ്റിയിൽ സ്ഥാനമുണ്ടാവും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈസ് പ്രസിഡന്റായാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ ഭരണസമിതിയിലെത്തുന്നത്. അന്ന് പ്രസിഡന്റായിരുന്ന ടി.പി ദാസൻ 2019ൽ സ്ഥാനമൊഴിഞ്ഞതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി.കായികതാരമെന്ന നിലയിലെ അനുഭവപരിചയം സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്ക് ഗുണകരമായി ഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ തീരുമാനം. എന്നാൽ കായികമേഖലയിൽ നിന്ന് കൗൺസിൽ നേതൃത്വത്തിനെക്കുറിച്ച് പരക്കെ പരാതി ഉയർന്നതിനെത്തുടർന്നാണ് അഞ്ചുവർഷ കാലാവധി പൂർത്തിയാകാൻ രണ്ടുവർഷത്തോളം ബാക്കി നിൽക്കേ മേഴ്സിക്കുട്ടനെ മാറ്റാൻ പാർട്ടി നിർബന്ധിതമായത്.
കായികപരിചയവും ഭരണ
പരിചയവുമായി ഷറഫലി
കായിക രംഗത്തെയും ഭരണരംഗത്തെയും പരിചയസമ്പന്നത്തുമായാണ് യു.ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എത്തുന്നത്. പത്തു വർഷത്തോളം തുടർച്ചയായി ഇന്ത്യൻ ഫുട്ബാൾ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അഞ്ചു തവണ നെഹ്‌റുകപ്പിലും 3 തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ദേശീയ ടീമിനായി കളിച്ചു. ലെബനനിൽ നടന്ന പ്രീവേൾഡ് കപ്പ് മത്സരത്തിലും ഇന്ത്യയ്ക്കായി കളിച്ചു.
മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി കലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരളാ പൊലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്.ഒൻപത് തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും രണ്ട് തവണ ദേശീയ ഗെയിംസിലും കളിച്ചു. വി.പിസത്യൻ, സി.വി പാപ്പച്ചൻ,ഐ.എം വിജയൻ തുടങ്ങിയവരടങ്ങിയ കേരള ഫുട്ബാളിന്റെ സുവർണ തലമുറയിലെ പ്രധാനിയായിരുന്നു ഷറഫലി.
കേരളാ പൊലീസിൽ 36 വർഷത്തെ സേവനത്തിനു ശേഷം എം.എസ്.പി കമൻഡാന്റായാണ് വിരമിച്ചത്. തുടർന്ന് ഫുട്‌ബാൾ പരിശീലനരംഗത്തും കായിക സംഘാടകനായും സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |