തൃത്താല: ചാലിശ്ശേരിയിൽ 18,19 തിയതികളിൽ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശന-വിപണന-പുഷ്പമേളയുടെ സ്റ്റാൾ ഒരുക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയിലാണ് മേള. കലാ-സാംസ്കാരിക പരിപാടികൾക്കുള്ള വേദിയും ഇവിടെ ഒരുക്കുന്നുണ്ട്.
മൈതാനത്തെ പുല്ലും കുറ്റിക്കാടും വെട്ടി വൃത്തിയാക്കുന്ന പ്രവർത്തി പൂർത്തീകരിച്ചു. മൈതാനം നിരപ്പാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 66 സ്റ്റാളുകളാണ് ഇവിടെ ഒരുക്കുന്നത്. ഫുഡ് കോർട്ട് മൈതാനത്തിന്റെ തെക്കുഭാഗത്തായാണ് ഒരുക്കുക. പുഷ്പമേളയ്ക്കുള്ള സംവിധാനവും ഇവിടെ ഒരുക്കും. മനോഹരമായ പ്രവേശന കവാടം, സെൽഫി പോയന്റ് എന്നിവ പൂർത്തിയാകുന്നതോടെ മൈതാനത്തിന്റെ മുൻവശം ആകർഷകമാക്കും. ഇതിനായുള്ള നിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു.
പ്രവേശനം സൗജന്യം
പ്രദർശന വിപണന മേളയിൽ കരകൗശല കൈത്തറി വസ്തുക്കൾ, ഗോത്രഭക്ഷ്യ ഉത്പന്നങ്ങൾ, കുടുംബശ്രീ, വിവിധ വകുപ്പുകൾ, പഞ്ചായത്ത് നഗരസഭാ തലത്തിലായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. 16 മുതൽ 19 വരെ രാവിലെ ഒമ്പത് മുതൽ രാത്രി പത്തുവരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യം. മേളയുടെ ഉദ്ഘാടനം 16ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. 14 മുതൽ കലാപരിപാടികൾ ആരംഭിക്കും. 14ന് വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഗസലും 15ന് വട്ടേനാട് ജി.എൽ.പി.എസിൽ സൂഫി സംഗീതവും 16 മുതൽ 19 വരെ മുല്ലയംപറമ്പ് ഗ്രൗണ്ടിൽ നാടൻപാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും.
ലൈവ് മ്യൂസിക് ഷോ
തദ്ദേശദിനാഘോഷത്തിൽ നാടിനെയാകെ ആഘോഷത്തിമിർപ്പിലാക്കാൻ 18ന് രാത്രി എട്ടിന് പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |