ഹൈദരാബാദ്: തെലുങ്ക് നടനും എൻ.ടി.ആറിന്റെ ചെറുമകനുമായ നന്ദമൂരി താരകരത്നയ്ക്ക് (39) ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖർറാവു,ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, സിനിമാ താരങ്ങളായ ചിരഞ്ജീവി, അല്ലു അർജ്ജുൻ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് 23 ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. തെലുങ്ക് സിനിമ താരങ്ങളായ ബാലകൃഷ്ണ,ജൂനിയർ എൻ.ടി.ആർ, കല്യാൺറാം എന്നിവരുടെ ബന്ധുവാണ്.
ജനുവരി 27-ന് ടി.ഡി.പി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്റെ പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ താരകരത്നയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 40-ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മരണം. 1983 ഫെബ്രുവരി 22ന് ജനിച്ച അദ്ദേഹം 2002ൽ ഒകാട്ടോ നമ്പർ കുരാഡു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി.
താരക്, ഭദ്രാദി രാമുഡു, നദീശ്വരുഡു, യുവരത്ന തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. അമരാവതി എന്ന ചിത്രത്തിലെ അഭിനയത്തിന് നന്ദി പുരസ്കാരം ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ 9 അവേഴ്സ് എന്ന വെബ്സീരീസും ശ്രദ്ധേയമായി.
ഭാര്യ അലേഖ്യ റെഡ്ഡി, ഒരു മകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |