ന്യൂ ഡൽഹി :ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകാനാകില്ലെന്നും, വധശിക്ഷയായി ഉയർത്തണമെന്നും ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും, ടാഡ നിയമം പ്രയോഗിച്ച കേസിൽ കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകുന്നത് ഗുജറാത്ത് സർക്കാരിന്റെ നയമല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത അറിയിച്ചു. ജീവപര്യന്തം കഠിനതടവായി കുറച്ചവരുടെ ശിക്ഷ തൂക്കുകയറായി ഉയർത്തണം.
പതിനൊന്ന് കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തം കഠിനതടവായി കുറച്ച ഗുജറാത്ത് ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീലും, ശിക്ഷിക്കപ്പെട്ടവർ സമർപ്പിച്ച ജാമ്യാപേക്ഷയും പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സ്ത്രീകളും കുട്ടികളുമടക്കം 59 പേരാണ് വെന്തുമരിച്ചതെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. തീ ആളിപടർന്ന റെയിൽവേ ബോഗി പുറത്ത് നിന്നും പൂട്ടിയിട്ടു. യാത്രക്കാർ പുറത്തിറങ്ങാതിരിക്കാൻ കുറ്റവാളികൾ കല്ലെറിഞ്ഞു. വ്യക്തമായ ഗൂഢാലോചന നടന്ന സംഭവമാണെന്നും, കുറ്റവാളികൾ പെട്രോൾ വാങ്ങി സൂക്ഷിച്ച് ട്രെയിൻ കത്തിച്ചെന്നും ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ പറഞ്ഞു.
വായിച്ചു നോക്കാത്ത മൊഴിയിലാണ് ഗുജറാത്തി പോലും അറിയാത്ത ഒരു കുറ്റവാളിയുടെ വിരലടയാളം രേഖപ്പെടുത്തിയതെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. കേസ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അടങ്ങിയ പട്ടിക സമർപ്പിക്കാൻ നിർദേശിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്, മൂന്നാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. 2002 ഫെബ്രുവരി 27നാണ് അയോധ്യയിൽ നിന്ന് വരികയായിരുന്ന കർസേവകർ യാത്ര ചെയ്‌ത സബർമതി എക്‌സ്‌പ്രസിലെ കോച്ചിൽ തീപടർന്ന് 59 പേർ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |