പാലക്കാട്: ലൈഫ് മിഷൻ 2020 പദ്ധതിയിൽ ജില്ലയിൽ വീടുനിർമ്മാണം ആരംഭിച്ചു. കരാരിൽ ഏർപ്പെട്ട 1991 പേരിൽ 120 പേർക്ക് പദ്ധതി വിഹിതത്തിന്റെ ആദ്യഗഡു നൽകി. ഇവർ വീടുനിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. ഭവനരഹിതരായ 57,835 പേരും ഭൂമിയും വീടുമില്ലാത്ത 24,357 പേരും ഉൾപ്പെടെ 82192 ഗുണഭോക്താക്കളുണ്ട്. പട്ടികയിൽ 895 അതി ദരിദ്രരാണുള്ളത്. അർഹരായ കൂടുതൽ ഗുണഭോക്താക്കളെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അവരെക്കൂടി ഉൾപ്പെടുത്തുന്നതോടെ ഗുണഭോക്താക്കളുടെ എണ്ണം ഇനിയും ഉയരും. നിലവിൽ ലൈഫ് മാനദണ്ഡപ്രകാരം ഭൂമിയുള്ള അതിദരിദ്രർ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കരാർവച്ചവരിൽ 285 പേർ മുൻപട്ടികയിൽ ഉൾപ്പെട്ട് വിവിധ കാരണങ്ങളാൽ കരാർ ഒപ്പിടാൻ സാധിക്കാത്തവരാണ്. ഇവരിൽ മിക്കവരും സ്ഥലം വാങ്ങിയശേഷമാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ നാല് ഘട്ടങ്ങളിലായി 20,235 വീടാണ് പൂർത്തിയാക്കിയത്. അർഹരുടെ പട്ടികയിൽ നിന്ന് മുൻഗണന പ്രകാരമാണ് കരാർ ഒപ്പുവയ്ക്കുക. മാർച്ച് 31നകം 5,752 കുടുംബവുമായി കരാർ ഒപ്പിടുകയാണ് ലക്ഷ്യം.
ഭൂമിയില്ലാത്തവർക്ക് സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചു നൽകാൻ ലക്ഷ്യമിടുന്ന 'മനസോടിത്തിരി മണ്ണ്' പദ്ധതിയിലൂടെ നിരവധിപേർ ഭൂമി നൽകുന്നുണ്ട്. ഇതിനൊപ്പം കൊടുമ്പ് പഞ്ചായത്തിലും ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ വെള്ളപ്പനയിലും ഫ്ളാറ്റ് നിർമാണം പരോഗമിക്കുന്നു.
ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നാലുലക്ഷം രൂപയാണ് നൽകുക.
ആദ്യഗഡുവായ 80,000 രൂപ തദ്ദേശ സ്ഥാപനങ്ങളാണ് നൽകുക.
3.2 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും. സർക്കാർ നിശ്ചിത തുക ഹഡ്‌കോയിൽനിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തിൽ 40,000, രണ്ടാംഘട്ടത്തിൽ 1.6 ലക്ഷം, പിന്നീട് രണ്ടു ഘട്ടങ്ങളിലായി ഒരു ലക്ഷം രൂപ വീതവും ഉപഭോക്താവിന് ലഭിക്കും.
ആദിവാസി മേഖലകളിലും മറ്റും സാധനങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ആറുലക്ഷം രൂപയാണ് വീടുനിർമ്മാണത്തിനായി നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |