കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം കനിഞ്ഞാൽ കൊല്ലം പോർട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുടർച്ചയായ ചരക്കുനീക്കം മാർച്ച് പകുതിയോടെ ആരംഭിക്കും. കെ.എം.എം.എല്ലിൽ നിന്ന് സ്വകാര്യ ഏജൻസി വാങ്ങിയ അയൺ ഓക്സൈഡ് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് വിയറ്റ്നാമിലേക്ക് കൊണ്ടുപോകാനാണ് ആലോചന.
ആസിഡ് അംശമില്ലാത്ത ഒരു ലക്ഷം ടൺ അയൺ ഓക്സൈഡാണ് സ്വകാര്യ കമ്പിനി നിലവിൽ കെ.എം.എം.എല്ലിൽ നിന്ന് വാങ്ങിയിട്ടുള്ളത്. ഇത് വിയറ്റ്നാമിലെ വിവിധ കമ്പിനികൾക്ക് കൈമാറാനും ധാരണയായി. കൊല്ലം പോർട്ടിന് ആഴം കുറവായതിനാൽ 15000 ടൺ വരെ ഭാരം വഹിക്കുന്ന കപ്പലുകളേ അടുപ്പിക്കാനാകൂ. അതുകൊണ്ട് തന്നെ ഒരു ലക്ഷം ടൺ കൊണ്ടുപോകാൻ ഏഴ് തവണ സർവീസ് നടത്തേണ്ടി വരും.
മടങ്ങിവരുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് ചരക്ക് കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. രാജ്യത്തെ വിവിധ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ചരക്കുനീക്കം നടത്തുന്ന എസ്.എസ് മാരിടൈമാണ് ചരക്കുനീക്കം ഏറ്റെടുത്തിരിക്കുന്നത്. വിയറ്റ്നാമിന് പുറമേ മറ്റ് ചില രാജ്യങ്ങളിലെ കമ്പനികൾക്കും കെ.എം.എം.എൽ അയൺ ഓക്സൈഡ് സാമ്പിൾ നൽകിയിട്ടുണ്ട്. അവിടങ്ങളിലെ കമ്പനികളും താത്പര്യം പ്രകടിപ്പിച്ചാൽ കൊല്ലത്ത് നിന്ന് കപ്പലിൽ അയൺ ഓക്സൈസ് നീക്കം പതിവ് സർവീസാകും.
ആദ്യ സർവീസിനുള്ള കപ്പൽ ചാർട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് എസ്.എസ് മാരിടൈം. കെ.എം.എം.എല്ലിൽ ഇൽമനേറ്റ് വേർതിരിച്ചെടുക്കുമ്പോൾ ലഭിക്കുന്ന ഉപോത്പന്നമാണ് അയൺ ഓക്സൈഡ്.
കേന്ദ്രത്തിന് ഉടൻ കത്ത്
എമിഗ്രേഷൻ പോയിന്റ് ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക അനുമതി നൽകിയാലേ കൊല്ലത്ത് നിന്ന് കപ്പലിൽ വിദേശ ചരക്ക് നീക്കം നടത്താനാകൂ. കൊല്ലം പോർട്ട് അധികൃതർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് പ്രത്യേക അനുമതി ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി മാരിടൈം ബോർഡ് സംസ്ഥാന പോർട്ട് സെക്രട്ടറിക്ക് ഉടൻ കത്ത് നൽകും.
ക്ളിയറാകാതെ എമിഗ്രേഷൻ
എമിഗ്രേഷൻ സൗകര്യം സജ്ജമായിരുന്നെങ്കിൽ ചരക്ക് നീക്കം സാദ്ധ്യമാകുമായിരുന്നു
വിദേശരാജ്യത്തേക്കുള്ള ചരക്ക് നീക്കമായതിനാൽ എമിഗ്രേഷൻ ക്ലിയറൻസ് അനിവാര്യം
വിദേശത്ത് നിന്ന് തോട്ടണ്ടി എത്തിയപ്പോൾ കൊച്ചി പോർട്ടിലെ എമിഗ്രേഷൻ സംഘമാണ് പരിശോധിച്ചത്
മറ്റ് തുറമുഖങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കോ കൊല്ലം സിറ്റി പൊലീസിനോ പരിശോധനയ്ക്കുള്ള താത്കാലിക ചുമതല നൽകണം.
കൊല്ലം പോർട്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |