SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.13 AM IST

കർഷകർക്ക് സഹായ പദ്ധതികളുമായി കോൺഗ്രസ്

plea

റായ്‌പൂർ: കടബാധ്യതയിൽ നിന്ന് കർഷകർക്ക് ഒറ്റത്തവണ ആശ്വാസം ലക്ഷ്യമിട്ട് ആറു ലക്ഷം രൂപ വരെ എഴുതിത്തള്ളുന്ന 'കർസ് മാഫി സെ കർസ് മുക്തി തക്'(കടമെഴുതി തള്ളലിലൂടെ കടബാദ്ധ്യത ഇല്ലാതാക്കൽ) എന്ന പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പ്ളീനറി സമ്മേളനം പാസാക്കിയ കാർഷിക പ്രമേയം.

താങ്ങുവിലയിൽ കുറച്ച് കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നത് കുറ്റകരമാക്കും.

വ്യാവസായിക വായ്പകളെപ്പോലെ കർഷകരുടെ കടവുമായി ബന്ധപ്പെട്ട പരാതികളിൽ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാൻ ദേശീയ കർഷക കടാശ്വാസ കമ്മിഷൻ രൂപീകരിക്കുമെന്നും പ്രമേയത്തിലുണ്ട്.

കാർഷികോത്പ്പന്നങ്ങൾക്കായി ഉപഭോക്താവ് നൽകുന്നതിന്റെ 50 ശതമാനം വരുമാനം കർഷകർക്ക് ലഭിക്കണം. കുടിശ്ശികയുള്ള വായ്പകൾ തിരിച്ചുപിടിക്കാൻ ക്രിമിനൽ നടപടികൾ പാടില്ല. കർഷകരുടെ ഭൂമി ലേലം ചെയ്യില്ല. കുറഞ്ഞ താങ്ങുവില കർഷകരുടെ നിയമപരമായ അവകാശമാക്കി അതിൽ താഴെ വിലയ്‌ക്ക് കാർഷികോത്പ്പന്നങ്ങൾ വാങ്ങുന്നത് ശിക്ഷാർഹമായ കുറ്റമാക്കും.

ഒരു പദവിയിൽ 5 വർഷം

ചിന്തൻ ശിബിരത്തിന്റെ പ്രഖ്യാപനമായ ഒരാൾ ഒരു പദവിയിൽ അഞ്ചു വർഷമെന്ന നിർദ്ദേശം യുവ, വിദ്യാഭ്യാസ, തൊഴിൽ പ്രമേയത്തിലുണ്ട്. എന്നാൽ പുതിയ ആളുകൾക്ക് അവസരം നൽകാൻ ഇതു പ്രധാനമാണെന്ന് പറയുന്നതല്ലാതെ കർശനമാക്കുമെന്ന സൂചനയില്ല. പ്ളീനറിയിൽ ഭേദഗതി വന്നതിനാൽ കമ്മിറ്റികളിൽ പകുതി ആളുകളും 50 വയസിന് താഴെയുള്ളവരാകണമെന്ന് വ്യക്തമായി പറയുന്നു. എൻ.ഡി.എ സർക്കാർ നടപ്പാക്കിയ അഗ്‌നിപഥ് പദ്ധതി പിൻവലിച്ച് പഴയ മാതൃകയിൽ റിക്രൂട്ട്‌മെന്റ് പുന:സ്ഥാപിക്കണമെന്ന ആവശ്യവും പ്രമേയത്തിൽ ഇടം നേടി.

പിന്നാക്ക, ദളിത്, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള വനിതകൾക്ക് നിയമസഭകളിലും പാർലമെന്റിലും പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ കഴിയും വിധം 33ശതമാനം വനിതാ സംവരണം പാർട്ടി നയമാണെന്നും പ്രമേയം അടിവരയിടുന്നു.

മറ്റ് നിർദ്ദേശങ്ങൾ:

 തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയുന്നതിനുള്ള കമ്മിറ്റികൾ കർശനമാക്കും.

പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സ്കോളർഷിപ്പ്

 വേതനത്തിലും തൊഴിലിലും ലിംഗ അസമത്വം ഇല്ലാതാക്കും

തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാനുള്ള ആഹ്വാനവുമായി പ്ളീനറി അവസാനിച്ചു

ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിനെ കഴിയു എന്നോർമ്മിപ്പിച്ചും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജയിച്ച് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ആഹ്വാനം ചെയ്‌തും മൂന്നു ദിവസത്തെ കോൺഗ്രസ് പ്ളീനറി സമ്മേളനം അവസാനിച്ചു.

പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം നിറം കെടുത്തിയെങ്കിലും സമിതികളിൽ പട്ടിക, ഒ.ബി.സി, വനിത, ന്യൂനപക്ഷ, യുവജന വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കിയ ചരിത്ര ഭേദഗതിയോടെയാണ് പ്ലീനറി അവസാനിക്കുന്നത്.

ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റേണ്ടതുണ്ട്. ബി.ജെ.പി പ്രചരിപ്പിക്കുന്ന ഇന്ത്യയുടെ ബദൽ കാഴ്ചപ്പാട് നൽകാൻ ഭാരത് ജോഡോ യാത്രയ്‌ക്ക് കഴിഞ്ഞു. ബി.ജെ.പി രാഷ്ട്രീയത്തോട് വിട്ടുവീഴ്ച ചെയ്യാത്ത ഒരേയൊരു പാർട്ടി കോൺഗ്രസാണ്. ഭരണഘടനയെ സംരക്ഷിക്കാനും രാജ്യം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുമാണ് സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളുമായി പ്രവർത്തിക്കാൻ തയ്യാറാകുന്നതെന്നും 'റായ്പൂർ പ്രഖ്യാപന'ത്തിൽ പറയുന്നു.

കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. വിജയം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകരും നേതാക്കളും ഐക്യത്തോടെ പ്രവർത്തിക്കണം.

ജി.എസ്.ടി ലളിതമാക്കി ജ.എ.സ്.ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു. കർഷകരെ കണ്ടാകണം കാർഷിക നയങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കേണ്ടത് . താങ്ങുവിലയ്‌ക്ക് നിയമപരമായ ഉറപ്പ് വേണം. സാമൂഹിക നീതിക്കായി അടിയന്തര ജാതി സെൻസസ് പ്രധാനമാണ്.

ചങ്ങാത്ത മുതലാളിത്തത്തിനെതിരെ ജനകീയ ബോധവത്കരണ പ്രചാരണം നടത്തുമെന്നും അദാനി-പ്രധാനമന്ത്രി മോദി ബന്ധം പരാമർശിച്ച് വ്യക്തമാക്കി. ശക്തവും ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയവും പൊതു ലക്ഷ്യവുമാണ് റായ്പൂർ പ്ലീനറി നൽകുന്നതെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

ഇന്നലെ രാഹുൽ ഗാന്ധി പ്ളീനറിയെ അഭിസംബോധന ചെയ്‌തു. തുടർന്ന് കാർഷിക, സാമൂഹിക നീതി-ശാക്‌തീകരണ, യുവ-വിദ്യാഭ്യാസ-തൊഴിൽ പ്രമേയങ്ങൾ പാസാക്കി. അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ സമാപന പ്രസംഗത്തിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് പ്ളീനറി പ്രഖ്യാപനം നടത്തി. റായ്‌പൂർ നഗരത്തിന് പുറത്തുള്ള ജോറ വില്ലേജ് മൈതാനത്ത് നടന്ന പൊതു റാലിയോടെ പ്ളീനറി അവസാനിച്ചു.

രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

അദാനി വിഷയമടക്കം ഉയർത്തി കേന്ദ്രസർക്കാരിനെതിരെ മൂന്ന് മാസം നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് പ്ളീനറി വേദിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു.

പാർലമെന്‍റ് സമ്മേളനം പുനഃരാഭിക്കുന്ന മാർച്ച് 13ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. മാർച്ച് അവസാനം ജില്ലാ തലത്തിലും ഏപ്രിൽ ആദ്യം സംസ്ഥാന തലത്തിലും റാലികൾ നടത്തും.മാർച്ച് ആറിനും പത്തിനും ഇടയിൽ ദേശസാത്കൃത ബാങ്കുകൾക്കും എൽ.ഐ.സി ഓഫീസുകൾക്ക് മുന്നിലും ബ്ലോക്ക് തലത്തിൽ
പ്രതിഷേധിക്കും. ദേശീയ തലത്തിൽ അദ്ധ്യക്ഷൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുക്കും.

പ്ളീനറിയിൽ പരിഹാരമായില്ല, പൊട്ടലും ചീറ്റലും കേരളത്തിലേക്ക്

എ.ഐ.സി.സി പ്രതിനിധികളുടെ പട്ടികയെ ചൊല്ലി കേരള നേതാക്കൾക്കിടയിലുയർന്ന പോര് കേരളത്തിലേക്ക്. പ്രതിനിധികളെ നിശ്‌ചയിക്കാൻ കൂടിയാലോചന നടത്തിയില്ലെന്ന നേതാക്കളുടെ പരാതി പരിഹരിക്കാൻ പ്ളീനറി സമ്മേളന വേദിയിൽ ഹൈക്കമാൻഡ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.

പട്ടികയിൻമേലുള്ള പരാതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, എം.എം.ഹസൻ തുടങ്ങിയവരുമായി ചർച്ച തീരുമാനിച്ചിരുന്നു. എന്നാൽ വി.ഡി. സതീശന്റെ അനാരോഗ്യം കാരണം ചർച്ച ഉപേക്ഷിച്ചു. മാത്രമല്ല, പരാതി നൽകിയ തങ്ങളെ ചർച്ചയുടെ കാര്യം അറിയിച്ചില്ലെന്ന് മുതിർന്ന നേതാക്കളിൽ പലരും പരാതിപ്പെട്ടു.

പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ ഇന്നലെ എംപിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി.വിഷ്‌ണുനാഥ് എം.എൽ.എ തുടങ്ങിയവർ പരസ്യമായി രംഗത്ത് വന്നിരുന്നു.കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞെങ്കിലും ഇന്നലെ സമാപന തിരക്കിനിടെ റായ്‌പൂരിൽ ചർച്ചയ്‌ക്ക് അവസരം ലഭിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.