കൊല്ലം: കാഴ്ചയില്ലാത്ത രാജു മുണ്ടയ്ക്കൽ കോട്ടാമലയിൽ നിർമ്മിച്ച വീട്ടിൽ ഒരു മാസം മുമ്പ് താമസമാക്കിയപ്പോൾ, വീടിനിട്ട പേര് പട്ടം. കണ്ണിന്റെ ചികിത്സയ്ക്കെടുത്ത വായ്പയുടെ കടക്കെണിയിൽ ജീവിതം കെട്ടുപൊട്ടിയ പട്ടംപോലായപ്പോൾ, കാൽച്ചുവട്ടിൽ വന്നുവീണ പട്ടമാണ് കരകയറാൻ വഴിയൊരുക്കിയത്.
ഗ്ലൂക്കോമ ബാധിച്ച് കാഴ്ച നഷ്ടപ്പെടുമ്പോൾ രാജുവിന് വയസ് 35. ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളും അടങ്ങുന്ന കുടുംബം. ഉള്ളത് വിറ്റുപെറുക്കിയും വായ്പയെടുത്തും വർഷങ്ങൾ നീണ്ട ചികിത്സ. മൂന്നു ശസ്ത്രക്രിയകൾ. പക്ഷേ, കാഴ്ച തിരികെ ലഭിച്ചില്ല. ലക്ഷങ്ങളുടെ ബാദ്ധ്യത മാത്രം മിച്ചം.
ഭാര്യ ഗീത വീട്ടുജോലിക്കും തുണി വിൽപ്പനയ്ക്കും പോയി കിട്ടുന്ന വരുമാനം ഒന്നിനും തികഞ്ഞില്ല. ബ്ളേഡുകാർ വീട്ടിൽ കയറിയിറങ്ങി.പട്ടിണി കിടന്ന ദിനങ്ങളിൽ മുറ്റത്ത് നിൽക്കുമ്പോഴാണ് കാൽച്ചുവട്ടിൽ കെട്ടുപൊട്ടിയ പട്ടം വന്നുവീണത്.
കൈയിലെടുത്ത പട്ടം ജീവിതത്തിൽ പിടിവള്ളിയായി. ഭാര്യ ഗീത ശാസ്താംകോട്ടയിൽ നിന്ന് ഈറകൾ വാങ്ങി കൊണ്ടുവന്നു. പത്ത് പട്ടമുണ്ടാക്കി ഗീത ബീച്ചിലെത്തി. എല്ലാം വിറ്റു. സാധാരണ പേപ്പറിൽ നിന്ന് വർണ പട്ടങ്ങളിലേക്ക് കളം മാറ്റി. വർഷങ്ങൾ കൊണ്ടാണെങ്കിലും കടങ്ങൾ ഒരോന്നായി വീട്ടി.
മകൾ ഗീതുവിനെ വിവാഹം കഴിച്ചയച്ചു. മക്കളായ ഗിരീഷിനും ഹരീഷിനും ചെറിയ ജോലിയായി.
തീരദേശ വികസനത്തിന് സ്ഥലം വിട്ടുകൊടുത്തപ്പോൾ കിട്ടിയ പണം കൊണ്ടാണ് മുണ്ടയ്ക്കൽ കോട്ടാമലയിൽ അമ്പത്തേഴുകാരനായ രാജു വീടുവച്ചത്. രാജു അകക്കാഴ്ചയിൽ നിർമ്മിച്ച പട്ടങ്ങളുമായി ഗീത ഇപ്പോഴും ബീച്ചിലെത്തും.
അകക്കണ്ണ് കാഴ്ചയായി
ഗീതയും മക്കളും ചേർന്നാണ് ഈറ ചീകി നേരോടും വളയോടും കെട്ടി വർണപേപ്പറുകൾ ഒട്ടിക്കുക. അകക്കണ്ണിന്റെ തെളിച്ചത്തിൽ രാജുവാണ് ഓരോ പട്ടത്തിനും തൂഷൻ കെട്ടുന്നത്. പട്ടം താഴെ വീഴാതെ നിയന്ത്രിക്കുന്നത് തൂഷനാണ്. ദിവസം 15 എണ്ണത്തിൽ തുടങ്ങിയ വിൽപ്പന ഇപ്പോൾ സീസണിൽ 300 എണ്ണം വരെയായി. ഒന്നിന് 50 രൂപയാണ് വില.
കുഞ്ഞുപ്രായത്തിൽ മക്കളെ കണ്ടതാണ്. ഇരിങ്ങാലക്കുടയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സ തുടരുന്നു. കാഴ്ച തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ.
രാജു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |