ന്യൂഡൽഹി: പശുക്കളെ കൊല്ലുകയോ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്നവർ ശരീരത്തിൽ രോമങ്ങളുള്ള കാലത്തോളം നരകത്തിൽ കിടന്ന് ചീഞ്ഞഴുകി പോകുമെന്ന വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് ഷമീം അഹമ്മദിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം. രാജ്യത്ത് ഗോവധം നിരോധിക്കണമെന്നും പശുക്കളെ സംരക്ഷിത ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിൽ പറയുന്നു.
പശുവിനെ കശാപ്പ് ചെയ്ത് വിൽക്കാൻ കൊണ്ടുപോയെന്ന ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് അബ്ദുൾ ഖാലിഖ് എന്നയാൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്. സി.ആർ.പി.സി വകുപ്പ് 482 പ്രകാരം തനിക്കെതിരായ കേസ് തള്ളണമെന്നായിരുന്നു മുഹമ്മദ് അബ്ദുൾ ഖാലിഖിന്റെ ആവശ്യം. എന്നാൽ ഇത് തള്ളിയ ഹൈക്കോടതി ഉത്തർപ്രദേശ് ഗോഹത്യ നിരോധന നിയമം 1995 സെക്ഷൻ 3, 5, 8 പ്രകാരം കേസ് നിലനിൽക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യ മതേതര രാജ്യമാണെന്നും എല്ലാ മതങ്ങളോടും ബഹുമാനം പുലർത്തേണ്ട രാജ്യമാണെന്നും കോടതി പറഞ്ഞു. പശു ദൈവികവും പ്രകൃതിദത്തവുമായ നന്മയുടെ പ്രതിനിധിയാണ്. അതിനാൽ പശു സംരക്ഷിക്കപ്പെടുകയും ആരാധിക്കപ്പെടുകയും വേണം. വേദകാലം മുതൽ പശുവിനെ ആരാധിക്കുന്നു. പുരോഹിതർ ചടങ്ങുകളിൽ മന്ത്രോച്ചാടനം നടത്തുമ്പോൾ പശുവിൻ പാൽ, തൈര്, വെണ്ണ, മൂത്രം, ചാണകം തുടങ്ങിയ ഉത്പന്നങ്ങൾ പ്രധാനമാണ്. നെയ്യ് ആചാരാനുഷ്ഠാനങ്ങളിൽ വഴിപാടായി നൽകുന്നു. ബ്രഹ്മാവ് പുരോഹിതന്മാർക്കും പശുക്കൾക്കും ഒരേ സമയം ജന്മം നൽകുകയായിരുന്നു. പശുവിന്റെ കാലുകൾ നാല് വേദങ്ങളുടെ പ്രതീകമാണ്. പശുക്കളെ ദാനം ചെയ്യുന്നതിനേക്കാൾ മഹത്തരമായ മറ്റൊന്നും ഇല്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |