SignIn
Kerala Kaumudi Online
Tuesday, 30 May 2023 5.10 PM IST

ചിന്തയ‌്ക്ക് വേണ്ടി പ്രതികാരത്തിനിറങ്ങിയ ഡിവൈഎഫ്ഐക്കാ‌ർ പെട്ടു, രക്ഷിക്കാമെന്ന നേതാക്കന്മാരുടെ ഉറപ്പിൽ യൂത്ത് കോൺഗ്രസുകാരെ പഞ്ഞിക്കിട്ടവർ അഴിക്കുള്ളിലാവും

chintha-dyfi

പൊലീസ് ഞങ്ങൾക്ക് പുല്ലാണേ...' യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിലെ ഇടത് യുവജന, വിദ്യാർത്ഥി സംഘടനകൾ പൊലീസിനെ കാണുമ്പോൾ വിളിച്ച മുദ്രാവാക്യമാണിത്. ഇപ്പോൾ എൽ.ഡി.എഫ് ഭരിക്കുമ്പോഴും സഖാക്കളുടെ മനസിൽ ഇതേ മുദ്രാവാക്യം അലയടിക്കുന്നുണ്ട്.

ഇടത് ഭരണത്തിൽ എന്ത് കാട്ടിയാലും പൊലീസ് തങ്ങളെ ഒരു ചുക്കും ചെയ്യില്ലെന്ന് അവർക്കറിയാം. സഖാക്കൾ എന്ത് ക്രിമിനൽകുറ്റം ചെയ്താലും പൊലീസിന് പ്രതികളെ പിടികൂടണമെങ്കിൽ 'മോളീന്ന്' ഉത്തരവ് വേണം. ആരെയെങ്കിലും പിടിച്ച് ഏതെങ്കിലും പൊലീസുകാരനൊന്ന് ഓവർസ്മാർട്ടാകാൻ നോക്കിയാൽ ആ ഉദ്യോഗസ്ഥന് പണി പശുവിൻപാലിൽത്തന്നെ കിട്ടുമെന്നുറപ്പ്.

കൊല്ലത്ത് ഫെബ്രുവരി 21 ന് വൈകിട്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ ചിന്നക്കടയിൽ വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്ഷരാർത്ഥത്തിൽ 'പഞ്ഞിക്കിട്ടു'വെന്ന് തന്നെ പറയാം. അന്ന് മന്ത്രി പി.രാജീവിന്റെ പരിപാടി തൊട്ടടുത്ത ഹോട്ടലിലുണ്ടായിരുന്നു. മന്ത്രിയെത്തുമ്പോൾ കരിങ്കൊടി പ്രതിഷേധത്തിന് കാത്തുനിന്നവരെയാണ് ഡി.വൈ.എഫ്.ഐ സംഘം ആക്രമിച്ചത്. അടി പേടിച്ച് സമീപത്തെ കടകളിലേക്ക് ഓടിക്കയറിയവരെ കടയിൽക്കയറി തല്ലിച്ചതച്ചു. ഇടിക്കട്ട, കമ്പിവടി തുടങ്ങിയ മാരകായുധങ്ങൾക്ക് പുറമെ കടയിലെ സാധനങ്ങളും ആയുധമാക്കിയായിരുന്നു ആക്രമണം. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കൊല്ലം അസംബ്ളി കമ്മിറ്റി പ്രസിഡന്റ് ശരത്‌മോഹൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. ശരീരമാസകലം കമ്പിവടിയും ഇടിക്കട്ടയും കൊണ്ടുള്ള അടിയും ഇടിയുമേറ്റ വിഷ്ണു സുനിൽ പന്തളത്തിന് സാരമായി പരിക്കേറ്റു. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച ഏതാനും മാദ്ധ്യമ പ്രവർത്തകർക്കും മർദ്ദനമേറ്റു. ഈ സമയം വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ. പ്രതിഷേധത്തിന് തങ്ങൾ എത്തിയ വിവരം ഡി.വൈ.എഫ്.ഐ ക്കാരെ വിളിച്ചറിയിച്ചത് അവിടെ ഉണ്ടായിരുന്ന ചില പൊലീസുകാരാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഏതാനും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തെങ്കിലും രണ്ട് പ്രതികളെ മാത്രമേ പിടികൂടാൻ കഴിഞ്ഞിട്ടുള്ളൂ. പിടികൂടാൻ പൊലീസിന് അനുമതി കിട്ടിയില്ലെന്ന് പറയുന്നതാകും ശരി. കീഴടങ്ങിയ രണ്ട് പ്രതികളാകട്ടെ, പാർട്ടി നിർദ്ദേശ പ്രകാരമാണ് പൊലീസ് സ്റ്റേഷനിലെത്തി അറസ്റ്റ് വരിച്ചത്.

പിന്നിൽ ചിന്ത ജെറോമെന്ന്

യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിനു പിന്നിൽ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമാണെന്ന് ആരോപിച്ച യൂത്ത് കോൺഗ്രസ് അവരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് അടക്കം പരാതി നൽകിയിരുന്നു. കൊല്ലത്തെ ഒരു റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട് ചിന്ത ജെറോം ഈയിടെ വിവാദത്തിലായിരുന്നു. റിസോർട്ട് വാസം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വിഷ്ണു സുനിൽ പന്തളം ആണെന്നും റിസോർട്ട് വിവാദത്തിൽ പെട്ട ചിന്തയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഷ്ണു സുനിൽ വിജിലൻസിനടക്കം പരാതി നൽകിയതുമാണത്രെ പ്രകോപനത്തിന് കാരണം. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, കൊല്ലം കോർപ്പറേഷനിലെ വനിതാ കൗൺസിലറും ഡി.വൈ.എഫ് ഐ ബ്ളോക്ക് സെക്രട്ടറിയുമായ യു.പവിത്ര ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലാകാനുള്ളത്. കൊല്ലം ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദ് ബിലാൽ, ബ്ളോക്ക് കമ്മിറ്റിയംഗം ഷൈനുദ്ദീൻ എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. ഇതിനിടെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി വിഷ്ണു സുനിൽ പന്തളം ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സംരക്ഷണം നൽകാൻ ഡി.ജി.പി ഉത്തരവിട്ടു.

അറസ്റ്റ് ചെയ്യാനെത്തി, വിവരമറിഞ്ഞു

യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച, ശേഷിക്കുന്ന പ്രതികൾ പൊലീസിന്റെ മൂക്കിന് താഴെ ഒളിവിൽ കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിന് ഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ഒളിവിലിരിക്കുന്ന പ്രതികൾ പാർട്ടി പരിപാടികളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്ന വിവരം യൂത്ത് കോൺഗ്രസുകാർ തന്നെ അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ല. തുടർന്ന് അവർ ഡി.ജി.പിക്ക് പരാതി നൽകി. മുകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് സി.ഐ യുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി മടക്കി അയച്ചു.

പിന്നീട് ബൈക്കുകളിൽ ഒരു സംഘം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയും ഭീഷണി മുഴക്കി. എന്നാൽ ഡി.വൈ.എഫ്.ഐ ക്കാരെ തിരഞ്ഞ് യൂത്ത് സെന്ററിലെത്തിയ അന്വേഷണ ചുമതലയുള്ള ഈസ്റ്റ് സി.ഐ ജി.അരുണിനെ രായ്ക്ക് രാമാനം എഴുകോണിലേക്ക് സ്ഥലംമാറ്റി. കേസന്വേഷണ സംഘത്തിലെ എസ്.ഐമാർ ഉൾപ്പെടെ 5 പേരെയും മാറ്റി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും അടക്കമുള്ളവർ ഡി.ജി.പി ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് അറസ്റ്റ് വൈകുന്നതിലെ പ്രതിഷേധം അറിയിച്ചിരുന്നു. കമ്മിഷണർ ഓഫീസ് മാർച്ചടക്കം കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. തുടർന്ന് ഡി.ഐ.ജി ആർ. നിശാന്തിനി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവരെ വിളിച്ച് പ്രതികളുടെ അറസ്റ്റ് വൈകരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് സമ്മർദ്ദത്തിലായ പൊലീസ് അറസ്റ്ര് ചെയ്യാനെത്തിയാണ് പുലിവാല് പിടിച്ചത്. ഇതിനിടെ അറസ്റ്റിലായ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിടയിൽ നേതാക്കൾക്കെതിരായ പ്രതിഷേധത്തിനും വഴിവച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുമെന്ന നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്നാണ് രണ്ട് പ്രതികൾ പൊലീസിൽ കീഴടങ്ങിയത്. ഇവർക്കടക്കം എല്ലാ പ്രതികൾക്കും മേൽ ചുമത്തിയ വധശ്രമക്കുറ്റം ഒഴിവാക്കാമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ സി.പി.എം നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നുവത്രെ. എന്നാൽ മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കാര്യമായ പരിക്കുള്ളതിനാൽ വധശ്രമം ഒഴിവാക്കാനാകില്ലെന്നാണ് ഇപ്പോൾ ഈസ്റ്റ് പൊലീസിന്റെ നിലപാട്. ഇനി വധശ്രമക്കുറ്റം ഒഴിവാക്കിയാൽ അതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചാൽ പ്രശ്നം ഗുരുതരമാകുമെന്ന ഭയം പൊലീസുകാർക്കുണ്ട്. പാവങ്ങളെ നിസ്സാരകുറ്റത്തിനു പോലും പിടിച്ചകത്തിടുന്ന പൊലീസിന്റെ ശൗര്യമാണിപ്പോൾ കുട്ടി നേതാക്കൾക്ക് മുന്നിൽ പണയപ്പെടുത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINTHA JEROME, DYFI, YOUTH CONGRESS, DYFI ATROCITY, POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.