ലോസാഞ്ചലസ്: ലോകത്തെ നൃത്തമാടിച്ച തെന്നിന്ത്യൻ ചടുല ഗാനം നാട്ടു...നാട്ടു ഓസ്‌കാറിൽ ചരിത്രം കുറിച്ചപ്പോൾ രാജ്യത്തിന് അഭിമാന നിമിഷം. എസ്. എസ്. രാജമൗലി ഒരുക്കിയ ആർ.ആർ.ആർ എന്ന തെലുങ്ക് സിനിമയിൽ അതുല്യപ്രതിഭ കീരവാണി ഈണമിട്ട ഗാനം നേരത്തേ ഗോൾഡൻ ഗ്ളോബ് നേടിയിരുന്നു.
മൗലിക ഗാനത്തിനുള്ള ഓസ്‌കാർ നാട്ടു...നാട്ടു സ്വന്തമാക്കിയപ്പോൾ ഇരട്ട നേട്ടമായി. ആർ. ആർ.ആർ.ഓസ്‌കാർ നേടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയുമായി. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ഓസ്‌കാർ സ്വന്തമാക്കിയതും രാജ്യത്തിന് അഭിമാനം ചാർത്തി. കാർത്തികി ഗോൺസാൽവേസ് ആണ് സംവിധാനം.
നാട്ടു...നാട്ടു നൃത്തപ്രകടനമായി അവതരിപ്പിച്ചത് സദസിനെ ഹരം കൊള്ളിച്ചു. അവതാരകയായി എത്തിയ ദീപിക പദുകോൺ നാട്ടു നാട്ടു ഗാനത്തെ പരിചയപ്പെടുത്തിയപ്പോൾ സദസ് വലതവണ ആരവം മുഴക്കി.
ഹോളിവുഡിലെ വമ്പൻ പേരുകളെ പിന്തള്ളിയാണ് നാട്ടു...നാട്ടു ഐതിഹാസിക നേട്ടം കൈവരിച്ചത്. കീരവാണിയുടെ മകൻ കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ജും ചേർന്നാണ് ഗാനം ആലപിച്ചത്. പ്രേം രക്ഷിത്തിന്റ ചടുലമായ കോറിയോഗ്രാഫിയും രാംചരണിന്റെയും ജൂനിയർ എൻ. ടി ആറിന്റയും നൃത്ത പ്രകടനവും കൂടിയായപ്പോൾ നാട്ടു...നാട്ടുവിനെ വെല്ലാൻ മറ്റാർക്കും കഴിയാതെ പോയി.
കീരവാണി, ഒരു ഗാനത്തിന്റെ ഈണത്തിൽ നടത്തിയ പ്രസംഗവും മനം കവർന്നു. അമേരിക്കൻ സംഗീത പ്രതിഭകളായിരുന്ന കാർപ്പെന്റേഴ്സ് സഹോദരങ്ങളുടെ ഓൺ ടോപ് ഒഫ് ദ വേൾഡ് എന്ന ഗാനത്തിന്റെ ഈണത്തിലായിരുന്നു പ്രസംഗം. കാർപ്പെന്റേഴ്സിനെ കേട്ടാണ് ഞാൻ വളർന്നത്. ഇപ്പോൾ ഞാനിതാ ഓസ്കാറിൽ എത്തി. ഓരോ ഇന്ത്യക്കാരന്റെയും പ്രാർത്ഥന. ഇതെന്നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നു...
തുടർന്ന് ഒരു സംഘം നർത്തകർ നാട്ടു നാട്ടു അവതരിപ്പിച്ചു. കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ജും തന്നെയാണ് പാടിയത്. രാംചരണും ജൂനിയർ എൻ.ടി.ആറും ഉൾപ്പെട്ട സദസ് എഴുന്നേറ്റ് നിന്നാണ് പ്രകടനം ആഘോഷിച്ചത്.
2008ൽ സ്ലം ഡോഗ് മില്ല്യണെയർ എന്ന ബ്രിട്ടീഷ് സിനിമയിൽ ഗുൽസാർ രചിച്ച്, എ. ആർ റഹ്‌മാൻ സംഗീതം നൽകിയ ജയ് ഹോ മൗലിക ഗാനത്തിനും മൗലിക സംഗീതത്തിനും ഓസ്കാറുകൾ നേടിയിരുന്നു.
എവരി തിംഗിന് 7 ഓസ്കാർ
മികച്ച സിനിമ- എവരി തിംഗ്, എവരി വെയർ ഓൾ അറ്റ് വൺസ്. ഇതേ സിനിമയിലെ പ്രകടനത്തിന് മിഷേൽ യോ മികച്ച നടിയായി. ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ താരമാണ് മിഷേൽ. ചിത്രം മൊത്തം ഏഴ് ഓസ്‌കാറുകൾ നേടി.
ഒറിജിനൽ സ്‌കോർ, ഛായാഗ്രഹണം, പ്രൊഡക്‌ഷൻ ഡിസൈൻ തുടങ്ങി ഏഴ് പുരസ്കാരങ്ങൾ നേടി ജർമ്മൻ സിനിമ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട്’ ശ്രദ്ധേയമായി.
മികച്ച നടൻ - ബ്രെൻഡർ ഫ്രേസർ, ചിത്രം ദ വെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |