ബംഗളൂരു: വിമാനത്താവളത്തിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് നർത്തകനും നൃത്തസംവിധായകനുമായ സൽമാൻ യുസുഫ് ഖാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ലൈവ് വീഡിയോ ശ്രദ്ധനേടുകയാണ്. കഴിഞ്ഞദിവസം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ കന്നഡ ഭാഷ അറിയാത്തതിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നാണ് സൽമാൻ ആരോപിക്കുന്നത്.
ദുബായിലേയ്ക്ക് പോകുന്നതിനായി വിമാനത്താവളത്തിലേയ്ക്ക് എത്തിയതായിരുന്നു സൽമാൻ. ഇതിനിടെ അവിടെയുണ്ടായിരുന്ന ഇമിഗ്രേഷൻ ഓഫീസർ കന്നഡയിൽ സംസാരിച്ചു. എന്നാൽ കന്നഡ തനിക്ക് മനസിലാകുമെങ്കിലും സ്‌ഫുടമായി സംസാരിക്കാൻ കഴിയില്ലെന്ന് മുറി കന്നഡയിൽ താൻ പറഞ്ഞുവെന്നും എന്നാൽ തുടർന്ന് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചുവെന്നുമാണ് സൽമാൻ വീഡിയോയിൽ പറയുന്നത്.
'നന്നായി കന്നഡ അറിയില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ തുടർന്നും അതേ ഭാഷയിൽതന്നെ സംസാരിച്ചു. പിന്നാലെ ഉദ്യോഗസ്ഥൻ എന്റെ പാസ്‌പോർട്ട് എടുത്തുകാട്ടി എന്റെ പേരും എന്റെ ജന്മസ്ഥലവും എന്റെ പിതാവിന്റെ പേരും പിതാവ് ജനിച്ച സ്ഥലവും ചൂണ്ടിക്കാട്ടി ഞാനും പിതാവും ജനിച്ചത് ബംഗളൂരുവിൽ ആയിരുന്നിട്ടും കന്നഡ അറിയില്ലേയെന്ന് ചോദിച്ചു. ഞാൻ ബംഗളൂരുവിൽ ജനിച്ചെങ്കിലും ഭാഷയോടൊപ്പമല്ല ജനിച്ചതെന്ന് ഞാൻ തിരിച്ചടിച്ചു. ഞാൻ ബംഗളൂരുവിലാണ് ജനിച്ചതെങ്കിലും ലോകത്തെ ഏതുഭാഗത്തും യാത്രചെയ്യാം. ഞാൻ ഒരു സൗദി കുട്ടിയാണ്. വളർന്നത് സൗദിയിലാണ്. പഠനകാലത്ത് ഞാൻ ഇന്ത്യയിൽ താമസിക്കാത്തതിനാൽ ഒരിക്കലും കന്നഡ ഭാഷ പഠിക്കേണ്ടതായി വന്നിട്ടില്ല. കുറച്ചെങ്കിലും കന്നട ഭാഷ അറിയാവുന്നത് സുഹൃത്തുക്കൾ വഴിയാണ്.
എന്നാൽ നിനക്ക് കന്നഡ സംസാരിക്കാനറിയില്ലെങ്കിൽ എനിക്ക് നിന്നെ സംശയിക്കാം എന്നയാൾ പറഞ്ഞു. എനിക്ക് എന്റെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായ ഹിന്ദി അറിയാം. എന്റെ മാതൃഭാഷ ഹിന്ദിയാണ്. പിന്നെ ഞാനെന്തിന് കന്നഡ അറിയണം. ഞാൻ വീണ്ടും ചോദിച്ചു, എന്തിന്റെ പേരിലാണ് എന്നെ സംശയിക്കുന്നത്. എന്തിന്റെ പേരിൽ വേണമെങ്കിലും സംശയിക്കാമെന്നായിരുന്നു അയാളുടെ മറുപടി. അപ്പോൾ ഞാൻ പറഞ്ഞു, എന്നാലൊന്ന് ചെയ്തുനോക്കൂവെന്ന്? ഞാൻ ഉച്ചത്തിൽ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ അയാൾ നിശബ്ദനായി. നിങ്ങളെപ്പോലുള്ള വിദ്യാഭ്യാസമില്ലാത്തവർ ഈ നാട്ടിൽ ജീവിച്ചാൽ ഈ രാജ്യം ഒരിക്കലും വളരില്ലെന്ന് ഞാൻ അയാളോട് പറഞ്ഞു. അയാൾ തല താഴ്ത്തി പിറുപിറുക്കുക മാത്രമാണ് ചെയ്തത്.
ഈ സംഭവം എയർപോർട്ട് അധികൃതരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ആരും എന്നെ സഹായിച്ചില്ല. എന്റെ നഗരത്തെ പ്രതിനിധീകരിച്ച് ദേശീയ അംഗീകാരങ്ങൾ നേടിയിട്ടും ഇതാണ് എനിക്ക് ലഭിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത ഈ മൃഗങ്ങളോട് എനിക്ക് സ്വയം തെളിയിക്കേണ്ടിവരുന്നു. പ്രധാനമന്ത്രി മോദി കന്നഡയിൽ സംസാരിക്കുന്നുണ്ടോ?
ഞാൻ ബംഗ്ലൂരുകാരനായതിൽ അഭിമാനിക്കുന്നു. എന്നാലിത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ല. ഒരു പ്രാദേശിക ഭാഷ പഠിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാം. എന്നാൽ അത് അറിയാത്തതിന്റെ പേരിൽ ആരെയും താഴ്ത്തിക്കെട്ടുകയോ മറ്റുള്ളവരുടെ മാതാപിതാക്കളെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യരുത്'-സൽമാൻ വീഡിയോയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |