അരിക്കൊമ്പനായി കോടനാട്ട് തിരക്കിട്ട ഒരുക്കങ്ങൾ
ചട്ടം പഠിപ്പിക്കാൻ കൂട് റെഡിയായി
കൊച്ചി: അരിക്കൊമ്പനെ വരവേൽക്കാൻ കോടനാട് ആനക്കളരിയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ആനയെ ചട്ടം പഠിപ്പിക്കാനുള്ള പുതിയ കൂട് നിർമ്മാണം അഭയാരണ്യത്തിൽ വ്യാഴാഴ്ച പൂർത്തിയായി. ഇതോടെ കോടനാട്ടെ ആനകളുടെ എണ്ണം ഏഴാകും.
മൂന്നാറിൽ നിന്ന് എത്തിച്ച 138 യൂക്കാലി മരങ്ങൾ കൊണ്ടുവന്നായിരുന്നു കൂട് നിർമ്മാണം.
2017ൽ മണ്ണാർക്കാട് നിന്ന് കൊണ്ടുവന്ന പീലാണ്ടിയെ ചട്ടം പഠിപ്പിക്കാൻ നിർമ്മിച്ച കൂട് പഴകിയതിനാൽ ഇത് പൊളിച്ചുമാറ്റിയാണ് പുതിയത് ഒരുക്കിയത്. കൂടിന് ഇന്ന് ഫിറ്റ്നസ് പരിശോധന നടത്തും. കുറഞ്ഞത് ഒരു വർഷമെങ്കിലും അരിക്കൊമ്പന് നിന്ന് തിരിയാൻ പോലുമാകാതെ കൂട്ടിൽ കഴിയേണ്ടിവരും. ചട്ടം പഠിപ്പിക്കൽ രീതികൾ അങ്ങിനെയാണ്.
2017ലും ഈ ഗജരാജനെ പിടിക്കാനായി മയക്കുവെടി വച്ചതാണ്. മയങ്ങാതെ കാടുകയറുകയായിരുന്നു. പിന്നീട് ശ്രമം ഉപേക്ഷിച്ചു.
ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ വിളയാടുന്ന ഒറ്റയാനായ അരിക്കൊമ്പനെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് ഫെബ്രുവരി 21ന് ഉത്തരവിട്ടിരുന്നു. മയക്കുവെടി വച്ച് കൂട്ടിലടയ്ക്കുകയോ റേഡിയോ കോളർ ഘടിപ്പിച്ച് മറ്റേതെങ്കിലും മേഖലയിലേക്ക് മാറ്റുകയോ ജി.എസ്.എം. റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുകയോ ചെയ്യാനാണ് നിർദ്ദേശമെങ്കിലും കോടനാട്ടെ കൂട്ടിലടയ്ക്കാനാണ് മുന്നൊരുക്കങ്ങൾ.
4 കുങ്കിയാനകൾ
വയനാട്ടിൽ നിന്ന് നാല് കുങ്കിയാനകളെയാണ് അരിക്കൊമ്പനെ പിടികൂടാൻ കൊണ്ടുവരിക. ഞായറാഴ്ചയോടെ നാലെണ്ണവും ലോറിയിൽ കോടനാട്ടോ മൂന്നാറോ എത്തും. വനംവകുപ്പിന്റെ വിദഗ്ദ്ധരായ പാപ്പാന്മാരുടെ സംഘവും ഒപ്പമുണ്ട്. അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാനായി രണ്ട് പാപ്പാന്മാരെ വനംവകുപ്പ് നിയോഗിച്ചു കഴിഞ്ഞു.
കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും മൂന്നാർ ഡി.എഫ്.ഒയ്ക്കുമാണ് ആനയെ തളയ്ക്കാനുള്ള ചുമതല.
30 വയസ്
ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശത്ത് ഏതാനും വർഷമായി ജനവാസമേഖലകളിൽ ശല്യത്തിനെത്തുന്ന അരിക്കൊമ്പന് 30 വയസാണ് പ്രായം. കടകളും വീടുകളും തകർത്ത് അരിയും പഞ്ചസാരയും തട്ടിയെടുക്കുന്നതിനാലാണ് ഈ പേര് കിട്ടിയത്. 13 പേരെ കൊന്നതായാണ് വനംവകുപ്പ് കണക്ക്.
വരുന്നത് ഏഴാമൻ
കോടനാട് ആനക്കളരിയിൽ ഇപ്പോൾ ആറ് ആനകളാണുള്ളത്. നാലും പിടികളാണ്. അവസാനമെത്തിയത് മണ്ണാർക്കാട് നിന്ന് 2017ൽ പിടിച്ചുകൊണ്ടുവന്ന പീലാണ്ടിയാണ്. ചട്ടം പഠിപ്പിച്ച് പീലാണ്ടി ചന്ദ്രുവെന്ന് പേര് നൽകിയ ആന ഇപ്പോൾ കോടനാട്ടെ പ്രമാണിയാണ്. പീലാണ്ടിയെ കാണാൻ അട്ടപ്പാടിയിലെ ആദിവാസികൾ ഇപ്പോഴും ഇവിടെ എത്താറുണ്ട്.
കോടനാട്ടെ ആനകൾ
• ആശ
• അഞ്ജന
• പാർവതി
• സുനിത
• ഹരിപ്രസാദ്
• പീലാണ്ടി ചന്ദ്രു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |