ലിസ്ബൺ: കഴിഞ്ഞ ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലം കഴിഞ്ഞോ എന്ന് സന്ദേഹിച്ചവർക്ക് മറുപടിയുമായി പോർച്ചുഗലിന്റെ പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിച്ച മാർട്ടിനസ് തന്റെ പടക്കുതിര ക്രിസ്റ്റ്യാനോ തന്നെയായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രായമല്ല ടീം സെലക്ഷനിലെ മാനദണ്ഡമെന്നും കോച്ച് വ്യക്തമാക്കി.
ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെതിരായ മത്സരത്തിൽ കോച്ച് ഫെർണാൻഡോ സാന്റോസ് ക്രിസ്റ്റ്യാനോയെ പോർച്ചുഗൽ ടീമിന്റെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരെയും താരത്തെ സൈഡ് ബെഞ്ചിലിരുത്തുകയും ടീം തോറ്റ് പുറത്താവുകയും ചെയ്തതോടെ കോച്ച് സാന്റോസിന്റെ കസേര പോയി. തുടർന്നെത്തിയ ബെൽജിയത്തിന്റെ മുൻ കോച്ചായ മാർട്ടിനസ് ക്രിസ്റ്റ്യാനോയ്ക്ക് ടീമിൽ സ്ഥാനം നൽകുമോ എന്നായിരുന്നു ആരാധകരുടെ സന്ദേഹം.
എന്നാൽ ഈ മാസം നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപനത്തോടെ രാജ്യത്തിന്റെ കുപ്പായത്തിൽ പഴയ പ്രൗഡിയോടെ ക്രിസ്റ്റ്യാനോ മടങ്ങിയെത്തിയിരിക്കുകയാണ്. ലക്‌സംബർഗ്, ലീച്ചെൻസ്റ്റെയ്ൻ എന്നീ ടീമുകൾക്കെതിരെയാണ് യോഗ്യതാറൗണ്ടിൽ പോർച്ചുഗലിന്റെ മത്സരങ്ങൾ. 24ന് ലീച്ചെൻസ്റ്റെയ്ന്‍ എതിരെയാണ് ആദ്യ മത്സരം.27ന് ലക്സംബർഗിനെ നേരിടും.
2003 ആഗസ്റ്റിൽ ആദ്യമായി പോർച്ചുഗൽ കുപ്പായമണിഞ്ഞ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 118 ഗോളുകൾ നേടി റെക്കോഡിട്ടു. അന്താരാഷ്ട്ര ഫുട്‌ബാളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ. 38 കാരനായ ക്രിസ്റ്റ്യാനോ നിലവിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിനുവേണ്ടിയാണ് കളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |