ഇന്ത്യ ഇന്ന് മ്യാൻമറിനെതിരെ
ഇംഫാൽ : ഇന്ത്യ ആതിഥ്യം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് മണിപ്പൂരിൽ തുടക്കമാവുന്നു. മണിപ്പൂരിൽ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയെക്കൂടാതെ മ്യാൻമറും കിർഗിസ്ഥാനുമാണ് മാറ്റിരയ്ക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് ആദ്യ മത്സരത്തിൽ ഇംഫാലിലെ ഖുമാൻ ലംപാക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ മ്യാൻമറിനെ നേരിടും.
കഴിഞ്ഞ എട്ടുമാസത്തിനിടെ ആദ്യമായാണ് ഇഗോർ സ്റ്റിമാക് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ഒരു ഹോം മാച്ചിനിറങ്ങുന്നത്. ഐ.എസ്.എല്ലിന് ശേഷമാണ് സുനിൽ ഛെത്രിയും സന്ദേശ് ജിംഗാനുമടക്കമുള്ള താരങ്ങൾ ഇന്ത്യൻ കുപ്പായമിടാനെത്തുന്നത്. ഐ.എസ്.എൽ ഫൈനലിനിടെ പരിക്കേറ്റ ബംഗളുരു എഫ്.സിയുടെ യുവതാരം ശിവശക്തിനാരായണൻ ഇന്ത്യൻ ടീമിലുണ്ടാവില്ല.ഗ്ളാൻ മാർട്ടിനെസും പരിക്കിന്റെ പിടിയിലാണ്. ഇരുവർക്കും പകരം പ്രീതം കോട്ടാലും നവോറെം മഹേഷ് സിംഗും ടീമിലെത്തിയിട്ടുണ്ട്. ഗുർപ്രീത് സന്ധുവാകും ഇന്ത്യൻ വലകാക്കുക. ബ്രാൻഡൻ ഫെർണാണ്ടസ്,അനിരുദ്ധ് താപ്പ,ലാലിയൻ സുവാല ചാംഗ്തെ,അൻവർ അലി,രാഹുൽ ഭെക്കെ,മൻവീർ സിംഗ്,റിത്വിക് ദാസ് തുടങ്ങിയവരാണ് ഇന്ത്യൻ നിരയിലെ പ്രമുഖ താരങ്ങൾ.
ഫിഫറാങ്കിംഗിൽ ഇന്ത്യയേക്കാൾ 53സ്ഥാനങ്ങൾ താഴെ 159-ാം റാങ്കിലാണ് മ്യാൻമർ. പുതിയ കോച്ച് ജർമ്മലകാരനായ മൈക്കേൽ ഫെയ്ഷെൻബെയ്നർക്ക് കീഴിലാണ് മ്യാൻമർ ത്രിരാഷ്ട്ര ടൂർണമെന്റിന് ഇറങ്ങുന്നത്. കഴിഞ്ഞ 11 മത്സരങ്ങളിൽ ഒൻപതെണ്ണത്തിലും തോൽവി വഴങ്ങേണ്ടിവന്നതിനാലാണ് കോച്ചായിരുന്ന അന്റോയ്ൻ ഹേയ്ക്ക് സ്ഥാനം നഷ്ടമായത്. ഫെയ്ഷെൻബെയ്നർക്ക് കീഴിൽ പുതിയ തുടക്കമിടാനാണ് മ്യാൻമർ എത്തുന്നത്. മിഡ്ഫീൽഡർ ഖ്യാൻ മിൻ ഉൗ ആണ് മ്യാൻമർ നിരയിലെ സൂപ്പർ താരം. സ്ട്രൈക്കർ ഒൗംഗ് തുവും ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാൻ ശേഷിയുള്ള താരമാണ്.
5 മത്സരങ്ങളിലാണ് ഇന്ത്യയും മ്യാൻമറും തമ്മിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയത്. ഇതിൽ മൂന്നെണ്ണത്തിൽ ഇന്ത്യ ജയിച്ചു. ഒരു മത്സരം മ്യാൻമർ ജയിച്ചു.ഒന്ന് സമനിലയിലായി.
6pmമുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്. ഡിസ്നി ഹോട്ട്സ്റ്റാറിലും ജിയോ ടി വിയിലും ലൈവ് സ്ട്രീമിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |