അപ്പീൽ നൽകാൻ 30 ദിവസം സാവകാശം
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സൂററ്റ് കോടതി വിധിച്ച രണ്ടു വർഷം തടവ് അദ്ദേഹത്തിന് വയനാട് എം. പി സ്ഥാനം നഷ്ടപ്പെടാനും ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയ്‌ക്കും കളമൊരുക്കിയേക്കും.
അതേസമയം, രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി മജിസ്ട്രേട്ട് കോടതി മരവിപ്പിച്ചിട്ടില്ലെന്നിരിക്കെ, അയോഗ്യത നിലവിൽ വന്നുകഴിഞ്ഞു എന്നാണ് നിയമ വൃത്തങ്ങൾ പറയുന്നത്. സ്വാഭാവികമായും ലോക്‌സഭാംഗത്വവും ഇല്ലാതാകുമെങ്കിലും ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ നടപടിക്രമങ്ങളുണ്ട്. കോൺഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വിയും രാഹുൽ സാങ്കേതികമായി അയോഗ്യനായതായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എങ്കിലും ശിക്ഷാവിധിക്കെതിരെ അപ്പീലിന് രാഹുലിന് അവസരമുള്ളതാണ് പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടുന്ന മോദി സമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധി. ശിക്ഷ നടപ്പാക്കുന്നത്, രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തേക്ക് മജിസ്ട്രേട്ട് എച്ച്.എച്ച്.വർമ്മ മരവിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ സെഷൻസ് കോടതിയിലോ ഗുജറാത്ത് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ നിന്ന് സ്റ്റേ നേടണം.
ശിക്ഷ മരവിപ്പിച്ചതുകൊണ്ടുമാത്രം അയോഗ്യത ഇല്ലാതാകുന്നില്ലെന്നും അതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവു തന്നെ സ്റ്റേ ചെയ്യണമെന്നും നിയമവൃത്തങ്ങൾ പറയുന്നുണ്ട്. ആ ഉത്തരവ് വിചാരണക്കോടതി സ്റ്റേ ചെയ്‌തിട്ടില്ല.
ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിനെ കുറ്രക്കാരനാണെന്ന് കണ്ടെത്തിയ വിധി കവരത്തി സെഷൻസ് കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു.
അപകീർത്തിയുമായി ബന്ധപ്പെട്ട് ഐ. പി. സി 499, 500 വകുപ്പുകൾ പ്രകാരമാണ് രാഹുലിനെ കുറ്രക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. ഇത്തരം കേസുകളിൽ ചെറിയ ശിക്ഷയാണ് പതിവ്. എന്നാൽ, രാഹുലിനെ അയോഗ്യനാക്കാനാവും വിധം പരമാവധി ശിക്ഷയായ രണ്ടു വർഷം തടവാണ് വിധിച്ചത്. ഒപ്പം 15000 രൂപ പിഴയും. ജനപ്രാതിനിദ്ധ്യ നിയമവും സുപ്രീംകോടതി വിധികളും അനുസരിച്ച് രണ്ടു വർഷമോ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ എം.പിമാർ അയോഗ്യരാകും.
കോടതിയിൽ ഹാജരായ രാഹുൽ ഗാന്ധി, വിധിക്കു പിന്നാലെ ജാമ്യം നേടി വൈകിട്ടോടെ ഡൽഹിയിൽ തിരിച്ചെത്തി. കെ.സി.വേണുഗോപാൽ, ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ജഗ്‌ദീഷ് താക്കോർ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.
അപകീർത്തിക്കേസ് ഇങ്ങനെ
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിലാണ് രാഹുലിന്റെ വിവാദ പരാമർശം. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.എൽ.എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് സൂറത്ത് കോടതിയിൽ കേസ് കൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വജ്രവ്യാപാരി നീരവ് മോദിയെയും ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദിയെയും വിമർശിച്ചിരുന്നു. എല്ലാ കളളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടല്ലോ എന്നതായിരുന്നു വിവാദപരാമർശം.
''കുറ്രക്കാരനാണെന്ന് കണ്ടെത്തിയ വിധി മേൽക്കോടതി മരവിപ്പിച്ചാൽ രാഹുലിന് തൽക്കാലം ലോക്‌സഭ അംഗത്വം നഷ്‌ടമാകില്ല. 2013ലെ ലില്ലി തോമസ് കേസ് വിധിപ്രകാരം അയോഗ്യത ഉടൻ നിലവിൽ വരും. രാഹുലിന് മേൽക്കോടതിയെ സമീപിക്കാൻ സാവകാശമുണ്ട്. വിചാരണക്കോടതി ശിക്ഷ മാത്രം സ്റ്റേ ചെയ്യുകയും കുറ്രക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്‌തിട്ടുമില്ലെങ്കിൽ അയോഗ്യത സംബന്ധിച്ച് ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ നിലപാട് നിർണായകമാകും.
-അഡ്വ. ഹാരിസ് ബീരാൻ (സുപ്രീംകോടതി അഭിഭാഷകൻ)
ഗാന്ധിയെ ഉദ്ധരിച്ച് രാഹുൽ
ഭഗത്‌സിംഗിനെയും സുഖ്ദേവിനെയും രാജ്ഗുരുവിനെയും തൂക്കിലേറ്റിയ രക്തസാക്ഷി ദിനത്തിലാണ് രാഹുലിന്റെ ശിക്ഷ. സത്യമാണ് തന്റെ ദൈവമെന്നും, അഹിംസാ മാർഗത്തിലൂടെ സത്യത്തിൽ എത്തുമെന്നുമുളള ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് രാഹുൽ ട്വീറ്റ് ചെയ്‌തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |