മുദ്ദേനഹള്ളി(കർണാടക ): 2047-ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ മുദ്ദേനഹള്ളിയിൽ സത്യസായി ആശ്രമത്തിന്റെ മധുസൂദനൻ സായി മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷം കുറിക്കുന്ന 2047-ഓടെ ഒരു ചെറിയ കാലയളവിനുള്ളിൽ ഇന്ത്യ എങ്ങനെ വികസിത രാഷ്ട്രമായി മാറുമെന്ന് ആളുകൾ ചോദിക്കുന്നു. ബോദ്ധ്യത്തോടെയും പ്രതിബദ്ധതയോടെയുള്ള ഉത്തരം 'സബ് കാ പ്രയസണ്‍ സെ' (എല്ലാവരുടെയും ശ്രമങ്ങളോടെ) ആയിരിക്കുമെന്നാണ്. രാജ്യത്തെ ഓരോ വ്യക്തിയുടെയും കഠിനാധ്വാനത്തിലൂടെ സ്വപ്നം യാഥാർത്ഥ്യമാകും. കൂട്ടായ പ്രവർത്തനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യത്തിൽ സാമൂഹികവും മതപരവുമായ സ്ഥാപനങ്ങളുടെ പങ്കും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 380-ൽ താഴെ മെഡിക്കൽ കോളേജുകളെ ഉണ്ടായിരുന്നുള്ളൂ, ബി.ജെ.പി അധികാരമേറ്റശേഷം 650 ആയി ഉയർന്നു. കർണാടകയില്‍ 70 മെഡിക്കൽ കോളേജുകളുണ്ടെന്നും ചിക്കബല്ലാപ്പൂരിൽ ഒരു ഇരട്ട എൻജിൻ സർക്കാർ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ സർക്കാരുകൾ ഭാഷകളെ അടിസ്ഥാനമാക്കിയുള്ള കളികൾ നടപ്പിലാക്കുന്നതിൽ ഏർപ്പെട്ടിരുന്നു. മെഡിക്കൽ,എൻജിനിയറിംഗ് വിദ്യാഭ്യാസം കന്നഡ ഭാഷയിൽ ഉറപ്പാക്കാൻ താല്പര്യമൊന്നും കാണിച്ചില്ല. ഇപ്പോൾ, കന്നഡ ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷം പാവപ്പെട്ടവരെ വോട്ട് ബാങ്കായി കണക്കാക്കുന്നു. പക്ഷേ, ദരിദ്രരുടെ ഉന്നമനമാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മെട്രോ ലൈൻ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു
4,249 കോടി രൂപ ചെലവില്‍ നിർമ്മിച്ച വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുരം (കെ.ആർ പുരം) വരെയുള്ള മെട്രോ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12 സ്റ്റേഷനുകളുള്ള 13.71 കിലോമീറ്റർ മെട്രോ പാത ഉദ്ഘാടനം ചെയ്ത ശേഷം സ്‌കൂൾ കുട്ടികൾ,ബെംഗളൂരു മെട്രോപൊളിറ്റൻ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ജീവനക്കാർ,നിർമ്മാണ തൊഴിലാളികൾ എന്നിവർക്കൊപ്പം പ്രധാനമന്ത്രി യാത്ര ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലൂടെ ജനങ്ങൾക്ക് ആവശ്യമായ സഹായം ഈ സ്‌ട്രെച്ച് നൽകും. വിദ്യാർത്ഥികളുമായി സംവദിക്കാനാണ് പ്രധാനമന്ത്രി മോദി മെട്രോയിൽ നിൽക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ളവർ മെട്രോ യാത്രയിൽ അനുഗമിച്ചു. പിന്നീട് മദ്ധ്യകർണാടകയിലെ ദാവൻഗരെ നഗരത്തിൽ നടന്ന ബി.ജെ.പി മഹാസംഗമത്തെയും റാലിയെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു.
മോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച
കർണ്ണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. റോഡ് ഷോയ്ക്കിടെ യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസും സുരക്ഷാസേനയും ചേർന്ന് ഇയാളെ പിടികൂടി. യുവാവിനെ ചോദ്യംചെയ്യുകയാണെന്നും സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നും പൊലീസ് പറഞ്ഞു.
കർണ്ണാടകയിൽ മോദിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടാകുന്നതു ഇത് രണ്ടാം തവണയാണ്. ജനുവരിയിൽ ഹുബ്ബള്ളിയിൽ വച്ച് പൂമാലയുമായി 15 വയസുകാരൻ മോദിക്കരികിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |