തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണൻ രണ്ടാംഘട്ടത്തിൽ തുടരില്ലെന്ന് ബാങ്ക് സ്റ്റോക്ക് എക്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ വ്യക്തമാക്കി. ഇതോടെ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇൻട്രാ ട്രേഡിൽ വ്യാപാരത്തിൽ 17 ശതമാനം ഇടിഞ്ഞു. ഈവർഷം സെപ്തംബർ 30-ന് കാലാവധി അവസാനിക്കുന്ന മുരളി രാമകൃഷ്ണൻ വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനത്ത് തുടരുന്നില്ലെന്ന് അറിയിച്ചു. സ്ഥാനത്തേക്ക് യോഗ്യരായവരെ കണ്ടെത്താൻ ഡയറക്ടർ ബോർഡ് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ബാങ്ക് സമർപ്പിച്ച ഫയലിൽ പറയുന്നു.
2020 ജൂലായിലാണ് മുരളി രാമകൃഷ്ണൻ സൗത്ത് ഇന്ത്യൻ ബാങ്കിലെത്തുന്നത്. നേരത്തെ ഐ.സി.ഐ.സി.ഐ ബാങ്കിൽ സ്ട്രാറ്റജിക് പ്രോജക്ട്‌സ് ഗ്രൂപ്പ് മേധാവിയായിരുന്നു. 2020 ഒക്ടോബറിൽ എം.ഡി ആൻഡ് സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തു. പുതുതായി ചാർജ് ഏറ്റെടുക്കന്നയാൾക്കൊപ്പം പരിശീലനത്തിന്റെ ഭാഗമായ കമ്പനിയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുമെന്നും ഡയറക്ടർ ബോർഡുമായി ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.
2022 ഡിസംബർ 15-ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരിവില ഏറ്റവും ഉയർന്ന നിലയായ 21.80 രൂപയിൽ എത്തിയിരുന്നു. ഇന്നലെ ഇതിന്റെ 32% കിഴിവിലാണ് വ്യാപാരം നടന്നത്. വ്യാപാരത്തിനിടെ ഓഹരിവില 13.79 രൂപ വരെ ഇടിഞ്ഞു. പിന്നീട് നിലമെച്ചപ്പെടുത്തി 14.45 രൂപയിലേക്ക് എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |