കൊച്ചി: ജുഡിഷ്യൽ ഓഫീസർമാരിൽ നിന്നുള്ള ഹൈക്കോടതി ജഡ്‌ജി നിയമനത്തിനായി കേരള ഹൈക്കോടതി കൊളീജിയം സമർപ്പിച്ചത് രണ്ടു പട്ടിക. പരിഗണിക്കേണ്ട പേരുകളുടെ കാര്യത്തിൽ ഏകാഭിപ്രായത്തിലെത്താൻ കൊളീജിയത്തിന് കഴിയാതിരുന്നത് ഇവരുടെ നിയമനത്തിന് തിരിച്ചടിയായേക്കും.
കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എസ്.വി. ഭട്ടി എന്നിവർ നൽകിയ പട്ടികയും, ഇവരിൽ രണ്ടു പേരുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ നൽകിയ മറ്റൊരു പട്ടികയുമാണ് സുപ്രീംകോടതി കൊളീജിയത്തിനു നൽകിയിട്ടുള്ളത്. സുപ്രീംകോടതി കൊളീജിയം രണ്ടു പട്ടികയിലുമുള്ള പേരുകൾ അംഗീകരിക്കുകയോ, പുതിയ പട്ടിക നൽകാൻ നിർദ്ദേശിക്കുകയോ ചെയ്യും. ഇത്തരത്തിൽ രണ്ടു പട്ടിക സമർപ്പിക്കുന്നത് അപൂർവമാണ്.
ജുഡിഷ്യൽ ഓഫീസർമാരിൽ നിന്നുള്ള ഏഴ് ഒഴിവുകളിലേക്ക് നിയമിക്കേണ്ടവരുടെ പേരുകൾ ശുപാർശ ചെയ്യാൻ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം മാർച്ച് 17നാണ് ഹൈക്കോടതി കൊളീജിയം യോഗം ചേർന്നത്.
ചീഫ് ജസ്റ്റിസിന്റെ ലിസ്റ്റും
ജ. വിനോദ്ചന്ദ്രന്റെ വെട്ടും
ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഭട്ടിയും അംഗീകരിച്ച ലിസ്റ്റിൽ എം.ബി. സ്നേഹലത (കണ്ണൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി), പി.ജെ. വിൻസെന്റ് (ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി), സി.കൃഷ്‌ണകുമാർ (കാസർകോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ), ജോൺസൺ ജോൺ (കല്പറ്റ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), ജി. ഗിരീഷ് (തലശേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), സി. പ്രതീപ് കുമാർ (എറണാകുളം അഡി. ജില്ലാ ജഡ്‌ജി), പി. കൃഷ്‌ണകുമാർ (ഹൈക്കോടതി രജിസ്ട്രാർ ജനറൽ ) എന്നീ പേരുകളാണുള്ളത്. എന്നാൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഈ ലിസ്റ്റിലുള്ള പി.ജെ. വിൻസെന്റ്, സി. കൃഷ്‌ണകുമാർ എന്നിവരെ ഒഴിവാക്കി. പകരം കെ.വി. ജയകുമാർ (ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ), പി. സെയ്‌തലവി (മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി) എന്നിവരെ ഉൾപ്പെടുത്തി. രണ്ടു പേരെ ഒഴിവാക്കാനുള്ള കാരണങ്ങളും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |