ലണ്ടൻ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഐ.പി.എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി രംഗത്ത്. അഴിമതി,കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെടുത്തി രാഹുൽ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ യു.കെയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ലളിത് മോദി.
നീതിന്യായ വ്യവസ്ഥയിൽ നിന്ന് താൻ ഒളിച്ചോടിയെന്ന് രാഹുൽ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ചോദിച്ച ലളിത് മോദി താൻ ഒരിക്കലും ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നെന്നും പറഞ്ഞു.
രാഹുലിനെ യു.കെയിലെ കോടതിയിൽ കയറ്റും. തെളിവുകളുമായി രാഹുലിന് യു.കെയിലേക്ക് വരേണ്ടിവരും. രാഹുൽ സ്വയം വിഡ്ഢിയാകുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ലളിത് മോദി ട്വിറ്ററിൽ കുറിച്ചു.
ഐ.പി.എല്ലിൽ സാമ്പത്തിക ക്രമക്കേട് ആരോപണം നേരിട്ട ലളിത് മോദി 2010മുതൽ ലണ്ടനിലാണ് കഴിയുന്നത്. 'ലളിത് മോദി,നീരവ് മോദി,നരേന്ദ്ര മോദി... എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നതെന്ന' രാഹുൽ 2019ൽ നടത്തിയ പരാമർശം വിവാദമായി തുടരുന്നതിനിടെയാണ് ലളിതിന്റെ പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |