ന്യൂഡൽഹി: എലിയെ വാലിൽ കല്ല് കെട്ടി മുക്കിക്കൊന്ന കേസിൽ ഉത്തർപ്രദേശ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ നവംബർ 25-ന് നടന്ന സംഭവത്തിൽ മനോജ് കുമാർ എന്നയാൾക്കെതിരെ മൃഗത്തെ ക്രുരമായി കൊലപ്പെടുത്തിയാതായി ആരോപിച്ച് കേസെടുത്തിരുന്നു. തുടർനടപടികളുടെ ഭാഗമായി 30 പേജുള്ള കുറ്റപത്രമാണ് ബുദൗൺ കോടതിയിൽ സമർപ്പിച്ചത്. എലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എലിയെ മനോജ് കുമാർ വാലിൽ കല്ല് കെട്ടി അഴുക്കുചാലിൽ എറിയുന്നതിന്റെ ദൃശ്യങ്ങളടക്കം ഉൾപ്പെടുത്തി വികേന്ദ്ര ശർമ എന്ന മൃഗസ്നേഹിയാണ് പരാതി നൽകിയത്. എലിയെ രക്ഷിക്കാനായി താൻ അഴുക്കുചാലിൽ ഇറങ്ങിയിരുന്നെങ്കിലും ഫലം കണ്ടില്ലെന്നും വികേന്ദ്ര ശർമ അറിയിച്ചിരുന്നു. ഇയാളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് എലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി ബുഡൗണിലെ മൃഗാശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും ജീവനക്കാർ നടപടി സ്വീകരിക്കാതെ തിരികെ അയച്ചു. പിന്നീട് ബറേലിയിലെ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്.
എലിയുടെ ശ്വാസകോശത്തിൽ അണുബാധയുണ്ടായതായും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം മാദ്ധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ, വിവിധ വകുപ്പുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പൊലീസ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം മൂന്ന് വർഷം വരെ തടവും 20,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മനോജ് കുമാറിനെതിരെ ചാർത്തിയിരിക്കുന്നത്.
എലിയുടെ ശല്യം മൂലം സാമ്പത്തിക നഷ്ടമടക്കം ഉണ്ടായതായും ശല്യം സഹിക്ക വയ്യാതെയാണ് അഴുക്ക് ചാലിൽ മുക്കിയതെന്നുമാണ് മനോജ് കുമാറിന്റെ പിതാവ് അറിയിക്കുന്നത്. എലിയെ കൊന്നതിന് തന്റെ മകനെ ശിക്ഷിച്ചാൽ ആട്, കോഴി എന്നിവരെ കൊല്ലുന്നവർക്കെതിരെയും സമാനമായ നടപടി സ്വീകരിക്കണമെന്നാണ് അദ്ദഹത്തിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |