ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തിന്റെ വിപണി അടച്ചിരിക്കുന്നു. സ്നേഹത്തിന്റെ കടകൾ തുറന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ന്യൂഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്താണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
കർണാടകയിൽ നടന്നത് സാധാരണക്കാരും കോർപറേറ്റുകളും തമ്മിലുള്ള മത്സരമായിരുന്നു. ഇതിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയും അറിയിച്ചു. ' ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. സംസ്ഥാനത്ത് ആകെയുള്ള 224സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചത്. ബി ജെ പിയ്ക്ക് 64 സീറ്റ്. കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെ ഡി എസ് 20 സീറ്റിൽ ഒതുങ്ങി.
കൂടാതെ തിരഞ്ഞെടുപ്പ് വിജയത്തിൽ കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സന്തോഷം പങ്കുവയ്ക്കുന്ന സമയത്ത് അദ്ദേഹം വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഈ വിജയം മുഴുവൻ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |