SignIn
Kerala Kaumudi Online
Thursday, 19 September 2024 7.13 AM IST

പഞ്ചാബിന്റെ അതേ സ്ഥിതിവിശേഷമാണ് ഇപ്പോൾ കേരളത്തിൽ, വരാനിരിക്കുന്നത് വൻ ദുരന്തം

Increase Font Size Decrease Font Size Print Page
punjab

ലോകത്തെവിടെയുമുള്ള ഏത് മാരക ലഹരിയും സുലഭമായി ലഭിക്കുന്ന ഇടമായി മാറുകയാണ് കേരളം. കഴിഞ്ഞ ദിവസം കൊച്ചിയിൽ 25,000 കോടി വിലമതിക്കുന്ന ലഹരി വസ്തുക്കളുമായെത്തിയ ബോട്ട് കോസ്റ്റ് ഗാർഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് പിടികൂടിയതോടെ ലഹരി ഉപയോഗത്തിൽ മാത്രമല്ല കടത്തിന്റെയും ഹബ്ബായി കേരളം മാറിയെന്ന് വ്യക്തമായി. ലഹരിക്കെതിരെ സർക്കാർ യോദ്ധാവ് പ്രോഗ്രാമുമായി മുന്നേറുമ്പോൾ പൊലീസും എക്സൈസും കടന്നുചെല്ലാത്ത കള്ളക്കടത്ത് മാർഗങ്ങളിലൂടെയാണ് കേരളതീരത്ത് ലഹരിയുടെ നങ്കൂരം. രാജ്യത്ത് ഏറ്റവുമധികം ലഹരി കൈമാറ്റവും വിൽപ്പനയും നടക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. രാഷ്ട്രീയ ഭരണരംഗത്ത് അതിശക്തമായ സ്വാധീനവും വൻ സാമ്പത്തിക ശേഷിയുമുള്ളവരാണ് പുതിയ കാലത്ത് വളർന്നുപടരുന്ന മയക്കുമരുന്ന് മാഫി​യ. ബി​സി​നസ്, സിനി​മ, ഉദ്യോഗസ്ഥ മേഖലയി​ലുള്ളവരുടെ സാന്നി​ദ്ധ്യവും ഈ സംഘങ്ങളിലുണ്ട്. ലഹരിക്കെതിരെ പൊലീസും എക്സൈസും ശക്തമാകുകയും ജനങ്ങൾ ജാഗരൂകരാകുകയും ചെയ്തതോടെ ഉറവിടങ്ങളിലേക്ക് അന്വേഷണമെത്താത്ത വിധം ആസൂത്രിതമായാണ് ലഹരികടത്തും വില്‌പനയും. പിടിയിലാകുന്നവർ പലപ്പോഴും മാഫിയയുടെ അവസാന കണ്ണികളായിരിക്കും. ഭരണത്തിലും അന്വേഷണ ഏജൻസികളിലും സംരക്ഷിക്കാൻ ആളുകളുള്ളതാണ് ബുദ്ധികേന്ദ്രങ്ങളും മൊത്തക്കച്ചവടക്കാരും ഒളിവിടങ്ങളിൽ സുരക്ഷിതരായിരിക്കാൻ കാരണം. മദ്യത്തിനും കഞ്ചാവിനും പകരം പുതുതലമുറ സിന്തറ്റിക് ലഹരിയ്ക്ക് അടിമപ്പെട്ടതോടെ അതിനാണ് ഡിമാൻഡ്. സിന്തറ്റിക്ക് മയക്കുമരുന്ന് ഇരകളിൽ ബഹുഭൂരിപക്ഷവും സമർത്ഥരും വിദ്യാസമ്പന്നരും ഉയർന്ന ജോലിയും സാമ്പത്തികശേഷിയുള്ളവരുമാണ്.

കൊച്ചിയാണ് താവളം

കേരളത്തിൽ അതിവേഗം വളരുന്ന മഹാനഗരങ്ങളിലൊന്നായ കൊച്ചിയാണ് സംസ്ഥാനത്തെ ലഹരിമാഫിയയുടെ താവളം. അറബിക്കടലും അന്താരാഷ്ട്ര വിമാനത്താവളവുമുൾപ്പെടെ കള്ളക്കടത്തിനായി ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അതിനെ ചെറുക്കുന്നതിലും കള്ളക്കടത്ത് തടയുന്നതിലും പൊലീസും എക്സൈസും തികച്ചും നിസഹായരാണ്. കടൽ സുരക്ഷ ഉറപ്പാക്കാൻ മുഴുവൻ സമയവും കടലിൽ തുടരുന്ന നാവികസേനയ്‌ക്കും തീരസംരക്ഷണ സേനയ്‌ക്കും മറൈൻ എൻഫോഴ്സ്മെന്റിനും പോലും കടൽ കടന്നെത്തുന്ന ലഹരി കടത്ത് തടയാൻ കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കഴി‌ഞ്ഞ ദിവസം 2525 മെത്താ ഫിറ്റാമിൻ പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 25,000 കോടിയെങ്കിലും വിലമതിക്കുന്ന മാരക ലഹരി വസ്തു പാകിസ്ഥാനിലെ ജിവ്വായിലെ ലാബുകളിൽ ഉത്പാദിപ്പിച്ചവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കപ്പലിൽ വൻതോതിൽ കയറ്റിയിരുന്ന സിന്തറ്റിക് ലഹരി പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ ബോട്ടുകളിലേക്ക് മാറ്റിയശേഷം കപ്പൽ കടലിൽ മുക്കി തെളിവ് നശിപ്പിക്കുകയായിരുന്നു. ഉറവിടത്തിലേക്കുള്ള അന്വേഷണം ഇല്ലാതാക്കാനാകാം അവർ ലക്ഷ്യമിട്ടത്. ലഹരി ഉത്‌പാദനത്തിലും ആഗോള ലഹരികടത്തിലും അഗ്രഗണ്യരായ പാകിസ്ഥാനാണ് ലോകത്തെ പല രാജ്യങ്ങളിലേക്കുമുള്ള ലഹരികള്ളക്കടത്തിന്റെ മുന്നിൽ. പിടിക്കപ്പെട്ടതിന്റെ അത്രയുമോ അതിലധികമോ ലഹരി കടലിൽ താഴ്ത്തിയ കപ്പലിലും ഉണ്ടായിരിക്കാമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. പാകിസ്ഥാനിൽ നിന്ന് ലഹരിവസ്തുക്കളുമായി അഞ്ചു ബോട്ടുകളാണ് കൊച്ചിയിൽ സമുദ്രാതിർത്തിയിൽ എത്തിയത്. നേവിയും എൻ.സി.ബിയും പിന്തുടരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാവികസേനയുടെ മുന്നിൽവച്ച് മദർഷിപ്പ് തകർത്ത് രക്ഷപ്പെട്ട ആറുപേർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കേസിൽ കേന്ദ്ര ഏജൻസികൾ പിടികൂടിയ പാക് പൗരൻ സുബൈറിനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് ലഹരി മാഫിയ സംഘത്തെപ്പറ്റി ചില സുപ്രധാന വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്. എൻ.ഐ.എയും ഭീകരവിരുദ്ധ സ്ക്വാഡും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ കാരിയറായ ഇയാൾ മുമ്പും കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിന്റെയും ഇതിന് പിന്നിലെ പണം ഇടപാടുകളുടെയും വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മയക്കുമരുന്നിന്റെ ഉറവിടം ഇറാൻ-പാകിസ്ഥാൻ ബെൽറ്റ് തന്നെയാണെന്നാണ് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ തീരം വഴിയുള്ള അന്താരാഷ്‌ട്ര ലഹരികടത്ത് തടയുന്നതിന് ഓപ്പറേഷൻ സമുദ്രഗുപ്‌തിന് കഴിഞ്ഞ വർഷമാണ് രൂപം നൽകിയത്. ഈ ദൗത്യം വിട്ടുവീഴ്ചയില്ലാതെ തുടരണം. അതിനുവേണ്ടിയുള്ള ഏകോപനം കൂടുതൽ ഫലപ്രദമാക്കുകയും വേണം.

രാസലഹരി പിറക്കുന്ന മഹാനഗരങ്ങൾ

കടൽ മാർഗവും അല്ലാതെയും എത്തുന്നതിന് പുറമേ ഇന്ത്യയിലെ മഹാനഗരങ്ങളിലും കോടാനുകോടികളുടെ മയക്കുമരുന്ന് ഉത്‌പാദനമാണ് നടന്നുവരുന്നത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നൈജീരിയ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മയക്കുമരുന്ന് മാഫിയ സംഘങ്ങൾ ക്യാമ്പ് ചെയ്ത് എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകൾ വൻതോതിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കേരളത്തിൽ പൊലീസും എക്സൈസും പിടികൂടുന്ന സിന്തറ്റിക് ലഹരികളിൽ സിംഹഭാഗവും ഇത്തരത്തിൽ ഉത്‌പാദിപ്പിച്ചതാണ്. തുച്ഛമായ മുതൽ മുടക്കിൽ വൻ ലാഭം കൊയ്യാമെന്നതാണ് ഇതിൽ മാഫിയയുടെ നേട്ടം. സംസ്ഥാനത്തെ പതിനേഴിനും മുപ്പതിനും ഇടയിലുള്ള ചെറുപ്പക്കാരാണ് സിന്തറ്റിക് ഡ്രഗ് അടിമകളാവുന്നത്. മെഡിക്കൽ - എൻജിനീയറിംഗ് വിദ്യാർത്ഥികൾ, മാനേജ്മെന്റ് വിദ്യാർഥികൾ, ഐ.ടി പ്രൊഫഷനലുകൾ,സിനിമ മേഖലകളിലുള്ളവർ, വ്യാപാര - വ്യവസായി രംഗത്തെ ഉന്നതശ്രേണിയിലുള്ളവരുടെ മക്കൾ എന്നിവരാണ് വളരെവേഗം ഇതിന് അടിമപ്പെടുന്നത്. തുടക്കത്തിൽ സൗജന്യമായാണ് ഇത് ലഭിക്കുക. പിന്നീട് അത് വാങ്ങാനുള്ള പണത്തിനായി മയക്കുമരുന്ന് കടത്തുകാരാവും. ഈ വലയിൽ കുരുങ്ങുന്ന പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനും ഇരയാകുന്നുണ്ട്.

വരാനിരിക്കുന്നത് മാരക ദുരന്തം

പഞ്ചാബിലെ യുവാക്കൾ വിവിധതരം ലഹരിക്ക് അടിമപ്പെട്ടു നശിക്കുന്നത് തിരിച്ചറിയാൻ ഏറെ വൈകിയിരുന്നു. പാകിസ്ഥാൻ, അഫ്ഗാൻ അതിർത്തിയിൽ നിന്ന് കഞ്ചാവും സിന്തറ്റിക് ഡ്രഗും ഒഴുകിയെത്തിയപ്പോൾ നിയന്ത്രിക്കാൻ വൈകിപ്പോയി. കാർഷിക മേഖലയിലെയും വിദേശത്തെയും പണം കുമിഞ്ഞുകൂടിയപ്പോൾ പഞ്ചാബിലെ യുവത്വം ഡ്രഗ്‌സിലേക്ക് വഴുതി. പഞ്ചാബിന്റെ അതേ സ്ഥിതി വിശേഷമാണ് ഇപ്പോൾ കേരളത്തിൽ. സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികൾ സിന്തറ്റിക് ഡ്രഗ് ശീലമാക്കുകയും അടിമകളായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഡി.അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ പെരുകുന്നു. കോടികൾ മറിയുന്ന സിന്തറ്റിക് ഡ്രഗ് വ്യാപാരം വലിയൊരു ദുരന്ത സൂചനയാണ് നൽകുന്നത്. കേരളത്തിലെ ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുടെ സാമ്പത്തിക സ്രോതസ് സിന്തറ്റിക് ഡ്രഗ് വ്യാപാരമാണ്. ലഹരി മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് ഇപ്പോൾ ദൃശ്യമാവുന്നത്. ഓരോ ദിവസവും ലഹരി മാഫിയ പിടിമുറുക്കുകയാണ്. വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ ഗൗരവം കേരളം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DRUG ABUSE KERALA, PUNJAB, SYNTHETIC DRUG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.