SignIn
Kerala Kaumudi Online
Saturday, 21 September 2024 12.49 AM IST

ബസിലെ യാത്രയ‌്ക്കിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്, നിയമപരിരക്ഷയും ലഭിക്കും

Increase Font Size Decrease Font Size Print Page
ksrtc

കേരളത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അപമാനങ്ങളും അധിക്ഷേപങ്ങളും വർദ്ധിക്കുകയാണ്. ഇത്തരം സംഭവങ്ങളിൽ പ്രതികരിക്കാൻ മടിച്ച് മൗനം പാലിക്കുന്നവരാണ് മിക്കവരും. പ്രതികരിച്ചാൽ സമൂഹം തന്നെ എങ്ങനെ കാണും, നാണക്കേടാകുമോ, കുടുംബം തന്നോടൊപ്പം നിൽക്കുമോ തുടങ്ങിയ അനാവശ്യ ഭീതികളാണ് പലരേയും പ്രതികരിക്കേണ്ട ഇടങ്ങളിൽ നിന്നും ഉൾവലിയാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, കാലം മാറിയതിന് അനുസരിച്ച് പലരുടേയും ചിന്താഗതികളിലും മാറ്റം വന്നിട്ടുണ്ട്. ലൈംഗികച്ചുവയോടെ സമീപിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച് പലരും മുന്നോട്ട് വരാൻ തുടങ്ങി. യാത്രയ്‌ക്കിടയിലുണ്ടായ മോശം അനുഭവത്തെ തുടർന്ന് യുവാവിനെതിരെ രൂക്ഷമായി പ്രതികരിച്ച നന്ദിത എന്ന പെൺകുട്ടിയാണ് ഇപ്പോൾ വാർത്താ ശ്രദ്ധ നേടുന്നത്.


തൃശൂരിൽ നിന്നും എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ നന്ദിതയ്ക്ക് നേരെ സഹയാത്രികനിൽ നിന്നും മോശമായ പെരുമാറ്റമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ബസിൽവച്ച് തന്നെ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നന്ദിതയ്‌ക്ക് പിന്തുണയുമായി കണ്ടക്ടർ കെ.കെ.പ്രദീപ് മുന്നോട്ട് വന്നു. പെൺകുട്ടിയ്ക്ക് പരാതിയുണ്ടെന്ന് അറിയിച്ചതിന് പിന്നാലെ യുവാവ് ബസിൽ നിന്നും ഇറങ്ങിയോടി. ചാടിയിറങ്ങിയ കണ്ടക്ടർ അയാളെ പിടിച്ചെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റി യുവാവ് ഓടി. തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും പിന്തുടരുകയും എയർപോർട്ട് സിഗ്നൽ ജംഗ്ഷനിൽവച്ച് പിടികൂടി പൊലീസിലേൽപ്പിക്കുകയും ചെയ്തു.


ശക്തമായി പ്രതികരിച്ച് മുന്നോട്ടുവന്ന പെൺകുട്ടിയ്‌ക്കൊപ്പം തന്നെ കണ്ടക്ടറും അഭിനന്ദനം അർഹിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ സ്ത്രീകളെ അനുകൂലിക്കാൻ മടിക്കുന്നവരുടെ നാടാണ് നമ്മുടേത്. 'കേസിനും മറ്റും പോയാൽ കുറേ ബുദ്ധിമുട്ടേണ്ടിവരും', 'ഒത്തുതീർപ്പിന് ശ്രമിക്കുന്നതല്ലേ നല്ലത്', 'ഇക്കാര്യം പുറത്തറിഞ്ഞാൽ നിന്റെ ഭാവിയെ ബാധിക്കില്ലേ', എന്നിങ്ങനെയുള്ള കമന്റുകളാണ് പൊതുവേ ഉയർന്ന് കേൾക്കാറ്. എന്നാൽ ഇതിൽനിന്നും വിഭിന്നമായി നിങ്ങൾക്ക് പാരാതിയുണ്ടോ എന്ന് മാത്രമാണ് ആ കണ്ടക്ടർ പെൺകുട്ടിയോട് ചോദിച്ചത്. ഉണ്ടെന്ന മറുപടി കേട്ടതോടെ പൂർണ പിന്തുണ നൽകുകയും ചെയ്തു. അനീതി നേരിടുന്നവരെ ഉപാധികളില്ലാതെ പിന്തുണയ്ക്കണം എന്നതിന്റെ മാതൃകയാണ് അദ്ദേഹം കാണിച്ചത്.


പെൺകുട്ടിയുടെ പ്രവൃത്തി ന്യായീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പലരും പോസ്റ്റുകളിട്ടു. എന്നാൽ അതിന് താഴെവന്ന ചില കമന്റുകൾ ഇങ്ങനെയാണ്. 'അയാൾ സ്വന്തം ശരീരത്തിൽ എന്ത് ചെയ്താലും അത് നിങ്ങളുടെ പ്രശ്‌നമല്ല', 'ഒരാൾ എന്തെങ്കിലും ചെയ്യുന്നിടത്തേക്ക് തുറിച്ച് നോക്കി സദാചാര പൊലീസ് ചമയാൻ നിങ്ങൾക്ക് ആര് അനുവാദം തന്നു' എന്നിങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര.


സ്ത്രീകൾ ഏറ്റവും കൂടുതൽ അധിക്ഷേപങ്ങളും അപമാനങ്ങളും നേരിട്ട ഇടം ഒരുപക്ഷേ ബസുകളായിരിക്കാം. ബസിൽ യാത്ര ചെയ്യുമ്പോൾ ലൈംഗികച്ചുവയോടെയുള്ള നോട്ടങ്ങളെ അഭിമുഖീകരിക്കാത്തവർ വിരളമാണ്. തിരക്കേറിയ ബസിൽ സ്ത്രീകളെ ഉപദ്രവിക്കുന്നവർ ധാരാളമാണ്. ബസ് യാത്രയ്ക്കിടയിൽ പൂവാലശല്യമുണ്ടായതായി ഒരു സ്ത്രീ പരാതിപ്പെട്ടാൽ ഡ്രൈവർ ഉടൻതന്നെ വാഹനം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കണം. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിൽപ്പോലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാം. വാഹനം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപാകാൻ ഡ്രൈവർ വിസമ്മതിച്ചാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രസ്തുത ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പൂവാലശല്യം ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് യാത്രക്കാർക്കും പൊലീസിൽ അറിയിക്കാം. നിയമങ്ങൾ ഇത്രയൊക്കെ സുരക്ഷിതത്വം നൽകുന്നുണ്ടെങ്കിലും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാധിക്ഷേപങ്ങളുടെ എണ്ണത്തിൽ കുറവില്ല. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സ്ത്രീ സമൂഹം ഉയർന്ന് വന്നാൽ മാത്രമേ പൂർണമായും പ്രതിരോധം സൃഷ്‌ടിക്കാനാവൂ. അതിനൊരു മാതൃകയാണ് നന്ദിതയും അവൾക്കൊപ്പം പിന്തുണയോടെ നിന്ന പ്രദീപും ബസിലെ മറ്റ് ജീവനക്കാരും സഹയാത്രികരും.


കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഭർത്താവിനെ കാണാൻ എടപ്പാളിൽ നിന്ന് പിതാവിനും മകനുമൊപ്പം ബസിൽ പോകുന്നതിനിടെ യുവതിക്ക് നേരെ പിൻസീറ്റിലിരുന്നയാൾ ലൈംഗികാതിക്രമം നടത്തിയത്. അങ്ങനെ ഉദാഹരണങ്ങൾ നിരവധി. കൃത്യസമയത്ത് സംഭവം മൊബൈലിൽ പകർത്തുന്നത് നിയമപരമായ നടപടികളിൽ വേഗത വർദ്ധിപ്പിക്കാൻ സഹായിക്കും. ലിംഗസമത്വം നടപ്പാക്കണമെന്ന് ഉദ്‌ഘോഷിക്കുന്നവരുണ്ട്. ബസിലെ സീറ്റുകൾ സ്ത്രീകൾക്കും പുരുഷനും വെവ്വേറെ ആക്കാതിരിക്കുക, ക്ലാസുകളിൽ പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും പ്രത്യേക നിര മാറ്റി ഇടകലർത്തിയിരുത്തുക എന്നിങ്ങനെ പല ആവശ്യങ്ങളും ഉയർന്ന് കേൾക്കാറുണ്ട്. ഇവയെല്ലാം യാഥാർത്ഥ്യമാകണമെങ്കിൽ സ്‌ത്രീകളോട് മാന്യമായും ആദരവോടെയും പെരുമാറുന്ന സമൂഹത്തെ വാർത്തെടുക്കാൻ കഴിയണം.

സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വരികയും ചൂഷകർ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. തങ്ങളുടെ ദുരനുഭവങ്ങൾ സമൂഹത്തിന് മുന്നിൽ പറയുന്നത് കുടുംബത്തിനും ഭാവിജീവിതത്തിനും ദോഷം ചെയ്യുമെന്ന് കുട്ടികളെ പഠിപ്പിക്കുന്ന ശീലം ഒഴിവാക്കണം. പരമ്പരാഗത വസ്ത്രരീതി പിന്തുടർന്ന് രാത്രി സഞ്ചാരം അവസാനിപ്പിച്ച് വീട്ടിലിരുന്നാൽ സുരക്ഷിതരാകും എന്ന ഇടുങ്ങിയ ചിന്താഗതി മാറേണ്ടിയിരിക്കുന്നു. ലൈംഗികതയ്ക്കുള്ള ഒരു ഉപാധി മാത്രമാണ് സ്ത്രീ എന്ന ചിന്ത ഉണ്ടാകരുത്. സ്ത്രീകളെ അധിക്ഷേപിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്യുന്നവർക്കെതിരെ പരാതി കൊടുക്കാൻ മുന്നോട്ട് വരുന്നവരുടെ കൂടെയാണ് സമൂഹം നിൽക്കേണ്ടത്. പരാതി നൽകാനുള്ള ആർജ്ജവത്തെ കെടുത്തി കളയുകയല്ല ചെയ്യേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUS JOURNEY, KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.