കൊച്ചി: പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന കാർ അമിതവേഗത്തിൽ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരിഞ്ഞുപോലും നോക്കാതെ പാഞ്ഞ കാർ രണ്ടുകിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ ഭാഗത്താണ് നിറുത്തിയത്. ബൈക്കിലെത്തിയ രണ്ടുപേർ കാറിലുണ്ടായിരുന്നവരെ അപകടത്തെക്കുറിച്ച് അറിയിച്ചപ്പോൾ അവരോട് തട്ടിക്കയറുകയും ചെയ്തു. ചുള്ളിക്കല്‍ സ്വദേശി വിമലിനാണ് അപകടത്തിൽ പരിക്കേറ്റത്. ചോരയിൽ കുളിച്ച് റോഡിൽ കിടന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞദിവസം രാത്രി എറണാകുളം ഹാർബർ പാലത്തിൽ വച്ചാണ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. വിമലിന് ശരീരമാസകലം പരിക്കുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് ജീവൻ നഷ്ടമാകാത്തത്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നോ എന്നും സംശയമുണ്ട്. കാറിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. വിമൽ തോപ്പുംപടി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും എടുത്തിട്ടെല്ലെന്നാണ് അറിയുന്നത്. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |