ഐ.പി.എൽ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഇന്ന് മുംബയ് ഇന്ത്യൻസിനെ നേരിടുന്നു
7.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും തത്സമയം
ചെന്നൈ : കഠിന പരിശ്രമത്തിലൂടെ എത്തിയ ലക്നൗ സൂപ്പർ ജയന്റ്സോ ഭാഗ്യം കൊണ്ട് കടന്നുകൂടിയ മുംബയ് ഇന്ത്യൻസോ, ആരാകും ഈ സീസൺ ഐ.പി.എല്ലിലെ എലിമിനേറ്ററിൽ വിജയിക്കുകയെന്ന് ഇന്നറിയാം. പ്രാഥമിക റൗണ്ടിലെ മൂന്നാം സ്ഥാനക്കാരായ ലക്നൗവും നാലാം സ്ഥാനക്കാരായ മുംബയ് ഇന്ത്യൻസും തമ്മിലുള്ള എലിമിനേറ്റർ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
പ്രാഥമിക റൗണ്ടിൽ എട്ടു ജയവുമായി 17 പോയിന്റുനേടിയാണ് ലക്നൗ മൂന്നാം സ്ഥാനക്കാരായത്. ചെന്നൈയുമായുള്ള മത്സരം മഴയെടുത്തതിനാൽ ഒരു പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നിരുന്നു. മുംബയ്‌ക്കും എട്ടുകളികൾ ജയിക്കാനായെങ്കിലും 16 പോയിന്റാണ് നേടാനായത്. ആറുകളികൾ തോറ്റ രോഹിതും സംഘവും പ്ളേഓഫിലെത്താൻ വഴിയൊരുക്കിയത് അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസ് ആർ.സി.ബിയെ തോൽപ്പിച്ചതാണ്.
തുറുപ്പുചീട്ടുകൾ
നായകൻ കെ.എൽ രാഹുൽ ഈ മാസമാദ്യം ആർ.സി.ബിക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റ് വീണിട്ടും പ്ളേ ഓഫിലേക്ക് എത്താൻ കഴിഞ്ഞ ടീമാണ് ലക്നൗ. ക്രുനാൽ പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ലക്നൗ അവസാനഘട്ടത്തിൽ കളിച്ചത്.
ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, മാർക്കസ് സ്റ്റോയ്നിസ്,കരൺ ശർമ്മ,ക്രുനാൽ പാണ്ഡ്യ,ആയുഷ് ബദോനി തുടങ്ങിയവരാണ് ലക്നൗവിന്റെ ബാറ്റിംഗ് പ്രതീക്ഷകൾ.
ബൗളിംഗാണ് ലക്നൗവിന്റെ ശക്തി.പേസർമാരായി നവീൻ ഉൽഹഖ്,മൊഹ്സിൻ ഖാൻ,യഷ് താക്കൂർ എന്നിവരുണ്ട്. സ്പിന്നർമാരായി രവി ബിഷ്ണോയ്‌യും ക്രുനാലും ക്രിഷ്ണപ്പ ഗൗതവുമുണ്ട്.
പരിചയ സമ്പത്താണ് മുംബയ് ഇന്ത്യൻസിന്റെ പ്ളസ് പോയിന്റ്.ബാറ്റിംഗിൽ മികച്ച ഫോമിലുള്ള കാമറൂൺ ഗ്രീനും സൂര്യകുമാർ യാദവും ഇഷാൻ കിഷനും വമ്പൻ സ്കോറുകൾ ഉയർത്താൻ പ്രാപ്തിയുള്ളവരാണ്. നായകൻ രോഹിത് അത്ര ഫോമില്ലെങ്കിലും ടീമിന് ആത്മവിശ്വാസം നൽകാൻ ശേഷിയുള്ള താരമാണ്.
ജേസൺ ബ്രെൻഡോർഫ്, പിയൂഷ് ചൗള എന്നിവരാണ് ബൗളിംഗിൽ ഫോമിലുള്ളത്. ഷൗക്കീൻ,ക്രിസ് ജോർദാൻ,മധ്വാൾ,ക്രിസ് ജോർദാൻ എന്നിവർക്കൊപ്പം കാമറൂൺ ഗ്രീനിനെയും ബൗളിംഗിൽ പ്രയോജനപ്പെടുത്താനാവും.
ഈ മാസം 16ന് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ചു റൺസിന് ലക്നൗ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചിരുന്നു
ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് മുംബയ്‌യും ലക്നൗവും ഏറ്റുമുട്ടിയത്. ഇതിൽ മൂന്നിലും ജയിച്ചത് ലക്നൗ ആണ്.
അഞ്ചുതവണ ഐ.പി.എൽ കിരീടം നേടിയ ടീമാണ് മുംബയ് ഇന്ത്യൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |