പാലാ: 'സിവിൽ സർവീസ് ഇന്റർവ്യൂവിന് പങ്കെടുക്കും മുമ്പെങ്കിലും വിദഗ്ദ്ധ പരിശീലനത്തിന് പോകേണ്ടേ..' സുഹൃത്തുക്കളുടെ സംശയത്തിന് ഗഹന നവ്യ ജെയിംസിന്റെ മറുപടി നിറഞ്ഞ ചിരിയായിരുന്നു. സഹോദരൻ ഗൗരവ് അമർ ജെയിംസിനെ മുന്നിലിരുത്തിയായിരുന്നു ഇന്റർവ്യൂ പരിശീലനം. ഫലം വന്നപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മലയാള നാടിനും അഭിമാനം. ദേശീയ തലത്തിൽ ആറാം റാങ്ക്. കേരളത്തിൽ ഒന്നാമത്. കോച്ചിംഗിനൊന്നും പോകാതെ വീട്ടിലിരുന്ന് പഠിച്ചാണ് ഗഹന സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്.
തങ്ങളുടെ സ്വന്തം 'മാളു'വിന് ഉയർന്ന റാങ്ക് ലഭിച്ചതിൽ പാലാ മുത്തോലി ചിറയ്ക്കൽ വീട്ടിൽ ആഹ്ലാദം അലതല്ലി. പാലാ സെന്റ് തോമസ് കോളേജ് റിട്ട.ഹിന്ദി വിഭാഗം മേധാവി ഡോ.സി.കെ. ജെയിംസിന്റെയും കാലടി ശ്രീശങ്കരാചാര്യ സർവകലാശാല അദ്ധ്യാപികയായിരുന്ന ഡോ. ദീപാ ജോർജിന്റെയും മൂത്തമകളാണ് ഗഹന.
ഡിഗ്രിയ്ക്കും പി.ജിയ്ക്കും ഒന്നാം റാങ്കുണ്ടായിരുന്നു. പാലാ ചാവറ സി.ബി.എസ്.ഇ സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ പഠനം. പ്ലസ്ടു പാലാ സെന്റ് മേരീസ് സ്‌കൂളിൽ. ബി.എ ഹിസ്റ്ററി പാലാ അൽഫോൻസാ കോളേജിലും എം.എ പൊളിറ്റിക്കൽ സയൻസ് പാലാ സെന്റ് തോമസ് കോളേജിലും. തുടർന്ന് ജെ.ആർ.എഫ് നേടി. ഇപ്പോൾ എം.ജി യൂണിവേഴ്‌സിറ്റിയിൽ ഇന്റർ നാഷണൽ പബ്ലിക് റിലേഷൻസിൽ പി.എച്ച്.ഡി ചെയ്യുന്നു. ഇംഗ്ലീഷ് കാവ്യാലാപനത്തിലും ഹിന്ദി പദ്യരചനയിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സഹോദരൻ ഗൗരവ് പാലാ സെന്റ് തോമസ് കോളേജിൽ ബി.എ മൂന്നാം വർഷ വിദ്യാർത്ഥി.
ഹിന്ദി അദ്ധ്യാപകരായതിനാൽ മാതാപിതാക്കൾ മക്കൾക്ക് ഹിന്ദി ചുവയുള്ള പേരുകളാണ് ഇട്ടത്. ഗഹന നവ്യ എന്നവാക്കിനർത്ഥം പുതിയ ആഭരണം എന്നാണ്. ഗൗരവ് അമർ എന്നാൽ നശിക്കാത്ത അഭിമാനം എന്നും.
അമ്മാവൻ വഴികാട്ടി,
ഐ.എഫ്.എസ് താത്പര്യം
ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ സിവിൽ സർവീസായിരുന്നു സ്വപ്നം. വഴികാട്ടിയായത് അമ്മാവൻ കൂടിയായ ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പൊടിമറ്റം. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) എടുക്കാനാണ് താത്പര്യമെന്ന് ഗഹന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |