സമരം ഒത്തുതീർപ്പായി
കോളേജ് തിങ്കളാഴ്ച തുറക്കും
കോട്ടയം: അമൽജ്യോതി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇന്നലെ കോളേജിൽ എത്തിയ മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ. വാസവൻ എന്നിവർ മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും പി.ടി.എയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോളേജ് തിങ്കളാഴ്ച തുറക്കും. ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ സമരം അവസാനിപ്പിച്ചതായി വിദ്യാർത്ഥി പ്രതിനിധികൾ അറിയിച്ചു.
ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാകും അന്വേഷിക്കുക. എസ്.പി മേൽനോട്ടം വഹിക്കും. ആരോപണവിധേയായ വാർഡൻ സിസ്റ്റർ മായയെ സഭാനേതൃത്വവുമായി സംസാരിച്ച ശേഷം മാറ്റി നിറുത്തും. മറ്റ് ആരോപണ വിധേയർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടിയെടുക്കും. കോളേജിലെ കൗൺസലിംഗ് സംവിധാനം ശക്തിപ്പെടുത്താനും തീരുമാനമായി.
കോളേജിലെ വിവിധ പ്രശ്നങ്ങൾ വിദ്യാർത്ഥികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്ന് മന്ത്രി ബിന്ദു ഉറപ്പ് നൽകി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും അറിയിച്ചു.
.
വിദ്യാർത്ഥികൾ പരാതിപ്പെട്ട എച്ച്.ഒ.ഡിക്കെതിരെ നിലവിൽ നടപടിയില്ല. അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും. കൂടുതൽ ഉന്നതതല ഉദ്യോഗസ്ഥർ കോളേജിലെത്തി അന്വേഷണം നടത്തും.
-മന്ത്രി ആർ.ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |